മുഹൂര്‍ത്ത സമയത്ത് വരന്‍ മുങ്ങിയപ്പോള്‍ കല്യാണ സദ്യയുണ്ണാന്‍ വന്ന ചെറുപ്പക്കാരന്‍ രക്ഷകനായി

തിരുവന്തപുരം: ദിലീപ് ചിത്രം മീനത്തില്‍ താലികെട്ടിലേതിനു സമാനമായ സംഭവങ്ങളാണ് വിഴിഞ്ഞത്തെ പെരിങ്ങമല ശ്രീനാരായണ ജയന്തി വിവാഹ മണ്ഡപത്തില്‍ നടന്നത്. കല്യാണം മംഗളമാകണം, നല്ലൊരു സദ്യ കഴിക്കണം ഇങ്ങനെയൊക്കെ ചിന്തിച്ചാകണം ബന്ധുവിന്റെ വിവാഹം കൂടാന്‍ അനീഷ് പോയത്. എന്നാല്‍ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരിക്കും ഇതെന്ന് അനീഷ് ഒരിക്കലും ചിന്തിച്ച് കാണില്ല. വിവാഹത്തിന് സര്‍വാഭരണ വിഭൂഷിതയായി പെണ്‍കുട്ടി കതിര്‍മണ്ഡപത്തിലെത്തി ഏറെ നേരം കഴിഞ്ഞിട്ടും വരനെത്തിയില്ല. മുഹൂര്‍ത്തം കടന്നു പോയി. വീട്ടുകാര്‍ ആകെ പരിഭ്രാന്തരായി. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വരന്‍ മുങ്ങിയെന്ന് വിവരം കിട്ടിയത്. എന്ത് ചെയ്യണമെന്നറിയാതെ വീട്ടുകാരും ബന്ധുക്കളും കുഴങ്ങി. പെട്ടെന്നാണ് വീട്ടുകാര്‍ ബന്ധുവായ അനീഷിനെ ശ്രദ്ധിക്കുന്നത്. വിവാഹ പ്രായമായ അനീഷ് കല്യാണത്തിന് എത്തിയവരോട് സംസാരിച്ച് നില്‍ക്കുകയായിരുന്നു. വീട്ടുകാര്‍ കാര്യം അവതരിപ്പിച്ചപ്പോള്‍ ആദ്യം ഒന്ന് അമ്പരന്നെങ്കിലും സമ്മതിച്ചു. അങ്ങനെ മുടങ്ങിപ്പോകുമെന്ന് കരുതിയ ബിജിമോളുടെ വിവാഹം കെങ്കേമമായി തന്നെ നടന്നു. ബിജിമോളുടെ കല്യാണസദ്യയുണ്ണാന്‍ വന്ന അനീഷ് സ്വന്തം വിവാഹസദ്യതന്നെയുണ്ട് മടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here