മകന്‍ ഒളിച്ചോടിയതിന് അമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു

അഹമ്മദാബാദ്: മകന്‍ ഒളിച്ചോടിയതിന് അമ്മയെ മരക്കുറ്റിയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലാണ് 36കാരിയായ ആദിവാസി സ്ത്രീക്ക് ക്രൂരമര്‍ദ്ദനം ഏറ്റത്.

മകനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയുടെ ബന്ധുക്കളാണ്, ബുച്ചിബെന്‍ വാസവ എന്ന സ്ത്രീയെ ആക്രമിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് ഗ്രാമത്തിലെ തന്നെ ഒരു യുവതിയുമായാണ് ഇരുപത്തിരണ്ടുകാരനായ ഇവരുടെ മകന്‍ ഒളിച്ചോടിയത്.

ഇരുപതുകാരിയായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍പ്പുമായി വന്നെങ്കിലും കോടതി ഇടപെട്ട് വിവാഹം നടത്തുകയായിരുന്നു. വിവാഹ ശേഷം ഇരുവരും മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കുകയും ചെയ്തു.

ദമ്പതികളെ ഗ്രാമത്തില്‍ താമസിപ്പിക്കണമെങ്കില്‍ 2.5 ലക്ഷം രൂപ തരണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബുച്ചിബെനിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം 550 രൂപ മാത്രം നല്‍കിയാല്‍ മതിയെന്നായിരുന്നു പഞ്ചായത്ത് വിധിച്ചത്.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബുച്ചിബെനിനെയും ഭര്‍ത്താവിനേയും മര്‍ദ്ദിക്കുകയായിരുന്നു. ഭര്‍ത്താവ് സംഭവസ്ഥലത്ത് നിന്നും ഓടിപ്പോയപ്പോള്‍ ബുച്ചിബെനിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു.

തുടര്‍ന്ന് വനിതാ ഹെല്‍പ്‌ലൈന്‍ പൊലീസിനേയും കൂട്ടിയെത്തിയാണ് ഇവരെ മോചിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. 

LEAVE A REPLY

Please enter your comment!
Please enter your name here