കോടീശ്വരന്‍മാരായ പട്ടികള്‍

മെഹ്‌സാന :ഈ ചിത്രത്തിലെ ഓരോ പട്ടിയും കോടീശ്വരന്‍മാരാണ്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ പഞ്ചോത് ഗ്രാമമാണ് കോടീശ്വരന്‍മാരായ തെരുവ് പട്ടികളെ കൊണ്ട് വാര്‍ത്തകളില്‍ നിറയുന്നത്. ഗ്രാമത്തില്‍ കൂടി ഒരു ബൈപ്പാസിന് അനുമതി ലഭിച്ചതോടെയാണ് പട്ടികളുടെ രാശി തെളിഞ്ഞത്.

ഗ്രാമത്തിന്റെ കാവല്‍ക്കാരായ 70 പട്ടികളാണ് ഇതോടു കൂടി കോടിപതികളായി മാറിയത്. ഗ്രാമവാസികള്‍ തന്നെയാണ് ഇവര്‍ക്കുള്ള ഭക്ഷണത്തിനും താമസത്തിനും വേണ്ടിയുള്ള ഏര്‍പ്പാടുകള്‍ കാലാകാലങ്ങളായി നോക്കി വന്നിരുന്നത്. ഗ്രാമത്തില്‍ കൂടി ഒരു ബൈപ്പാസിന് അനുമതി ലഭിച്ചതോടെ ഇവിടെ സ്ഥലത്തിന്റെ വില കുതിച്ചുയര്‍ന്നു.

ഒരു ബിഗ (കാല്‍ ഏക്കര്‍) സ്ഥലത്തിന് 3.5 കോടി രൂപയായി വില കുതിച്ചുയര്‍ന്നു. പ്രദേശത്തെ ഒരു മഠത്തിന്റെ കീഴിലുള്ള 21 ബിഗ സ്ഥലത്തില്‍ നിന്ന് ലഭിക്കുന്ന ആദായത്തില്‍ നിന്നാണ് പട്ടികളുടെ ചിലവ് ഗ്രാമവാസികള്‍ നടത്തി പോന്നിരുന്നത്. നികുതി അടയ്ക്കാന്‍ ഇഷ്ടപ്പെടാത്തതിനാല്‍ പണക്കാരും കൃഷി നടത്താന്‍ സാധിക്കാത്തതിനാല്‍ പാവപ്പെട്ടവരും പണ്ടു കാലങ്ങളില്‍ മഠത്തിന് സംഭാവന നല്‍കിയ ഭൂമിയായിരുന്നു ഇവ.

അന്ന് ഭൂമിക്ക് തുച്ഛമായ വില മാത്രമേ ഉണ്ടായിരുന്നുള്ളു. അതു കൊണ്ട് തന്നെ ഇത്തരത്തിലുള്ള അധിക ഭൂമികള്‍ മഠത്തിന് സംഭാവന ചെയ്തു. ഈ 21 ബിഗ സ്ഥലത്ത് നിന്നുള്ള വരുമാനം പട്ടികളെ തീറ്റിപോറ്റുന്നതിനായും അവരുടെ പരിപാലനത്തിനും വേണ്ടി എഴുതി വെക്കാന്‍ ഗ്രാമത്തിലുള്ളവര്‍ ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.

ഈ മഠത്തിന്റെ നേതൃതത്തിലാണ് പട്ടികളെയും വളര്‍ത്തി പോന്നിരുന്നത്. പട്ടികളെ മാത്രമല്ല പശുക്കളെയും പക്ഷികളെയും മറ്റും ഇവിടെ മഠത്തിന്റെ കീഴില്‍ വളര്‍ത്തി പോരുന്നുണ്ട്. അത്തരത്തില്‍ കണക്കാക്കുകയാണെങ്കില്‍ ഈ 70 പട്ടികളില്‍ ഓരോരുത്തരും ഒരു കോടി രൂപയ്ക്ക് അധിപന്‍മാരാണ്. പാവം പട്ടികള്‍ക്ക് മാത്രം തങ്ങള്‍ കോടീശ്വരന്‍മാരാണെന്ന കാര്യം അറിയില്ലെന്ന് മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here