‘ഹാദിയയ്ക്ക് ഷെഫിനൊപ്പം പോകാം’

ന്യൂഡല്‍ഹി : ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. വൈക്കം സ്വദേശിനി ഹാദിയയും കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം നിയമപരമാണെന്ന് സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഹൈക്കോടതി വിധി നിയമവിരുദ്ധമാണെന്ന് വിലയിരുത്തിയാണ് പരമോന്നത കോടതിയുടെ നടപടി. ഹാദിയയ്ക്ക് ഷെഫിന്‍ ജഹാനൊപ്പം പോകാമെന്ന് പറഞ്ഞ കോടതി യുവതിക്ക് പഠനം തുടരാമെന്നും വ്യക്തമാക്കി. ഹേബിയസ് കോര്‍പസ് ഹര്‍ജികളില്‍ വിവാഹം റദ്ദാക്കാനാകില്ലെന്നും കോടതി പറഞ്ഞു.

ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച അപ്പീലിലാണ് കോടതി നടപടി. കേസില്‍ അന്തിമ വാദം ഉച്ചയോടെ പൂര്‍ത്തിയായിരുന്നു. 2017 മെയ് 24 നാണ് ഹൈക്കോടതി പ്രസ്തുത വിവാഹം റദ്ദാക്കിയത്.

തുടര്‍ന്ന് നവംബര്‍ 27 ന് കേസ് പരിഗണിച്ച സുപ്രീം കോടതി ഹാദിയയെ തുടര്‍ പഠനത്തിന് കോയമ്പത്തൂരിലേക്ക് അയച്ചിരുന്നു. സേലത്തെ ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് ഹാദിയ.

ഇവിടെ യുവതിക്ക് ഹോസ്റ്റല്‍ സൗകര്യവും സുരക്ഷയും കോടതി ഏര്‍പ്പെടുത്തി. അതേസമയം ഷെഫിന്‍ ജഹാനുമായി ബന്ധപ്പെട്ട എന്‍ഐഎ അന്വേഷണത്തില്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here