ഹാദിയക്കും ഷെഫിന്‍ ജഹാനും അനുകൂലമായി സുപ്രീം കോടതി ഇടപെടല്‍ ; കേസില്‍ ഹാദിയക്കും കക്ഷി ചേരാം

ഡല്‍ഹി :ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാനാവിലെന്ന് സുപ്രീം കോടതി. ഹാദിയമായുള്ള വിവാഹം റദ്ദു ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജ്ജിയിലാണ് കോടതിയുടെ ഈ നിര്‍ണ്ണായക ഉത്തരവ്.നേരത്തേ ഹാദിയയുടെ പിതാവ് അശോകന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് പരിഗണിച്ചു ഹൈക്കോടതി വിവാഹം റദ്ദു ചെയ്തിരുന്നു. ഇതിനെതിരെയാണ് ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജ്ജി നല്‍കിയത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജ്ജി പരിഗണിച്ച് വിവാഹം റദ്ദ് ചെയ്യാനാവിലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ ഹൈക്കോടതി വിധി റദ്ദ് ചെയ്യാന്‍ സുപ്രീം കോടതി തയ്യാറായില്ല. ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധമാണ് എന്‍ഐഎയുടെ അന്വേഷണ പരിധിയിലുള്ളത്.ഷെഫിന്‍ ജഹാന്റെ ക്രിമിനല്‍ പശ്ചാത്തലവുമായി ബന്ധപ്പെട്ട അന്വേഷണം എന്‍ഐഎക്ക് നടത്താം. അതുകൊണ്ട് തന്നെ വിവാഹവും എന്‍ഐഎ അന്വേഷണവും ഒന്നല്ല, ക്രിമിനല്‍ നടപടികളില്‍ നിന്നും വിവാഹത്തെ മാറ്റി നിര്‍ത്തണം, വിവാഹം നിയമ വിരുദ്ധമായ നടപടിയല്ല, വിവാഹത്തിന്റെ നിയമസാദ്ധുത പോലും ചോദ്യം ചെയ്യാനാവില്ല, വിവാഹ കാര്യത്തില്‍ ആരാണ് നല്ല മനുഷ്യനെന്നും ചീത്ത മനുഷ്യനെന്നും തീരുമാനിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഹാദിയക്കാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി.കേസ് ഇനി ഫെബ്രവരി 22 ന് കോടതി വീണ്ടും പരിഗണിക്കും. ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ച് തുടര്‍ന്നുള്ള വാദങ്ങളില്‍ ഹാദിയക്ക് കേസില്‍ കക്ഷി ചേരാനുള്ള അനുവാദം കോടതി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here