‘മകളെ സിറിയയിലേക്ക് കടത്താന്‍ ശ്രമം’

ന്യൂഡല്‍ഹി : മകളെ മതംമാറ്റി സിറിയയിലേക്ക് കടത്താനാണ് സത്യസരണിയുടെയും സൈനബയുടെയും ഷെഫിന്‍ ജഹാന്റെയും ശ്രമമെന്ന് അശോകന്റെ സത്യവാങ്മൂലം സുപ്രീം കോടതിയില്‍. ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതില്‍ തനിക്ക് എതിര്‍പ്പില്ല, പക്ഷേ പെണ്‍കുട്ടിയുടെ സുരക്ഷയാണ് തന്റെ ലക്ഷ്യമെന്ന് പിതാവ് അശോകന്‍ പരാമര്‍ശിക്കുന്നു.

ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന സ്ഥാപനമാണ് സത്യസരണി. അവരാണ് ഹാദിയയെ നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയയാക്കിയത്. ഹാദിയ മസ്തിഷ്‌ക പ്രക്ഷാളനത്തിന് ഇരയായിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ അശോകന്‍ പറയുന്നു. മതപരിവര്‍ത്തന വിഷയത്തില്‍ സൈനബയും സത്യസരണിയും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

തങ്ങള്‍ നിര്‍ബന്ധിത മതംമാറ്റം നടത്തുന്നില്ലെന്ന് സൈനബയും സത്യസരണിയും ഇതിലൂടെ നിഷേധിച്ചു. അതിനുള്ള മറുപടിയിലാണ് അശോകന്റെ പരാമര്‍ശങ്ങള്‍. 2017 നവംബര്‍ 27 ന് കേസ് പരിഗണിച്ചപ്പോള്‍ ഹാദിയയ്ക്ക് സേലത്തെ ഹോമിയോ കോളജില്‍ പഠനം പൂര്‍ത്തിയാക്കുന്നതിന് സൗകര്യമൊരുക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

ഷെഫിന്‍ ജഹാനും ഹാദിയയുമായുള്ള വിവാഹത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കുന്നത് പരമോന്നത കോടതി വിലക്കുകയും ചെയ്തിരുന്നു. നേരത്തേ ഇരുവരുടെയും വിവാഹം കേരള ഹൈക്കോടതി റദ്ദാക്കുകയാണുണ്ടായത്.

എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്ന് ഹാദിയ നേരിട്ടെത്തി വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാല്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ മനസ്സ് വായിക്കാന്‍ കോടതിക്കാവില്ലെന്നും സുപ്രീം കോടതി നിലപാടെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here