മുടി കൊഴിച്ചില്‍ മാറാത്ത മനോവിഷമത്തില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തു

ബെംഗളൂരു: മുടികൊഴിച്ചില്‍ ഇന്ന് മിക്ക ചെറുപ്പക്കാരെയും അലട്ടുന്ന പ്രശ്‌നമാണ്. മുടി കൊഴിച്ചില്‍ മാറാത്ത മനോവിഷമത്തില്‍ ബെംഗളരുവില്‍ യുവാവ് ആത്മഹത്യ ചെയ്തു. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന 27കാരനായ ആര്‍ മിഥുന്‍ രാജിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. മധുരൈ ജയ് ഹിന്ദ്പുരം സ്വദേശിയാണ് മിഥുന്‍. ഞായറാഴ്ചയാണ് സംഭവം. ബെംഗളൂരുവില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ മിഥുന്‍ അമ്മ വാസന്തി അമ്പലത്തില്‍ പോയ സമയത്ത് മുറിയിലെ സീലിംഗ് ഫാനില്‍ കെട്ടി തൂങ്ങുകയായിരുന്നു. അമ്പലത്തില്‍ നിന്നെത്തിയ വാസന്തി അയല്‍ക്കാരുടെ സഹായത്തോടെ ഉടന്‍ തന്നെ മിഥുനെ രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ചെന്നൈയിലെ ഇന്‍ഫോസിസ് കമ്പനിയില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തിരുന്ന മിഥുന്‍ അടുത്തിടെയാണ് ബെംഗളൂരുവിലെ സ്വകാര്യ ഐ ടി കമ്പനിയിലേക്ക് മാറിയത്. മിഥുന്റെ പിതാവ് രവി നേരത്തെ മരിച്ചിരുന്നു. നിരവധി മരുന്നുകള്‍ പരീക്ഷിച്ചിട്ടും മുടികൊഴിച്ചില്‍ മാറാത്തതില്‍ നിരാശനായിരുന്നു മിഥുന്‍ രാജെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ജയ് ഹിന്ദ് പുരം പോലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here