നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി

ബംഗലൂരു : ദുബായില്‍ നിന്നും നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച അരക്കിലോയോളം സ്വര്‍ണ്ണം വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. ബംഗലൂരു കെംബാഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം കസ്റ്റംസ് പിടിച്ചെടുത്തത്.

സംഭവത്തില്‍ മുംബൈ സ്വദേശിയായ ഒരു യുവാവ് അറസ്റ്റിലായി. ശനിയാഴ്ച രാത്രി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ റെയ്ഡിലാണ് യുവാവ് തൊണ്ടിയടക്കം പിടിയിലായത്.

ദുബായില്‍ നിന്നും പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലാണ് ഇയാള്‍ ബംഗലൂരുവില്‍ ഇറങ്ങിയത്. സ്ത്രീകളുടെ വസ്ത്രങ്ങളിലും ആഭരണങ്ങളിലും തുന്നിച്ചേര്‍ത്തായിരുന്നു യുവാവ് സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. യുവാവിന്റെ ബാഗില്‍ ഒളിപ്പിച്ച് വച്ചായിരുന്നു ഇവ കടത്താന്‍ ശ്രമിച്ചത്.

അരക്കിലോയോളം സ്വര്‍ണ്ണമാണ് യുവാവില്‍ നിന്നും പിടിച്ചെടുത്തത്. കസ്റ്റംസ് ഓഫീസര്‍മാരായ വസന്ത് മകുട്, ശിവ പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here