സന്തോഷ ദിനത്തില്‍ യുഎഇ

ദുബായ് :മാര്‍ച്ച് 20 അന്താരാഷ്ട്ര സന്തോഷ ദിനമായി ലോകമെമ്പാടും കൊണ്ടാടുകയാണ്. വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിന്റെ 2017 ലെ കണക്ക് പ്രകാരം സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയില്‍ അറബ് രാജ്യങ്ങളില്‍ വെച്ച് ഒന്നാമതും ലോക രാജ്യങ്ങളില്‍ 21 ാം സ്ഥാനത്തുമാണ് യുഎഇയുടെ സ്ഥാനം. അതുകൊണ്ട് തന്നെ ഇന്ന് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമായി വിവിധ സര്‍പ്രൈസുകളും യുഎഇ സര്‍ക്കാരും വിവിധ സ്ഥാപനങ്ങളും ഒരുക്കി വെച്ചിട്ടുണ്ട്.

ദുബായില്‍ ഇന്ന് വിമാനമിറങ്ങുന്ന തിരഞ്ഞെടുക്കപ്പെട്ട 100 ഭാഗ്യ ശാലികള്‍ക്ക് സൗജന്യ ടാക്‌സി സര്‍വ്വീസാണ് വിമാനത്താവളം ഒരുക്കിയിരിക്കുന്ന സര്‍പ്രൈസ്. കൂടാതെ സ്വദേശികളും പ്രവാസികളുമായ തിരഞ്ഞെടുത്ത ഭാഗ്യശാലികള്‍ക്ക് ഗ്ലോബല്‍ വില്ലേജ്, ലാ മെര്‍, ദുബായ് പാര്‍ക്ക് എന്നിവിടങ്ങളിലേക്ക് സൗജന്യ ടൂര്‍ സര്‍വ്വീസും ദുബായ് വിമാനത്താവളം പ്രദാനം ചെയ്യുന്നു. വാരാന്ത്യം ഹട്ടാ ദാമിലേക്കും സൗജന്യ യാത്ര വിമാനത്താവളം നല്‍കുന്നു.

ഇന്ന് വിമാനമിറങ്ങുന്ന യാത്രക്കാരുടെ പാസ്‌പോര്‍ട്ടിലെ പതിപ്പിക്കുന്ന യുഎഇ സ്റ്റാമ്പും അല്‍പ്പം വ്യത്യസ്ഥമാണ്. സ്‌മൈലി ഇമോജിയുള്ള യുഎഇ സ്റ്റാമ്പാണ് ഇന്ന് പാസ്‌പോര്‍ട്ടില്‍ അധികൃതര്‍ പതിപ്പിക്കുക.

 

എല്ലാ മെട്രോ സ്‌റ്റേഷനുകളിലും ആര്‍ടിഎ അധികൃതരുടെ വകയായി മധുര പലഹാര വിതരണം സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ തിരഞ്ഞെടുത്ത 600 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ സാധനങ്ങള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ട് യുഎഇ ധനകാര്യ മന്ത്രാലയം നടപ്പിലാക്കിയിട്ടുണ്ട്.

അജ്മാന്‍ നഗരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഇന്ന് പൈസ ഈടാക്കേണ്ടിതില്ലെന്ന് മുനിസിപ്പാലിറ്റി ആന്‍ഡ് പ്ലാനിംഗ് വിഭാഗം തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. മഞ്ഞ വസ്ത്രം ധരിച്ച് ഇന്ന് ലെഗോലാന്‍ഡ് പാര്‍ക്കില്‍ വരുന്ന ആദ്യത്തെ 20 പേര്‍ക്ക് ഇന്ന് സന്ദര്‍ശനം സൗജന്യമാണ്. കൂടാതെ സന്ദര്‍ശകരെ ആകര്‍ഷിക്കാനായി മറ്റ് വിപുലമായ പരിപാടികളും പാര്‍ക്ക് ഒരുക്കി വെച്ചിട്ടുണ്ട്.

ദുബായ് സഫാരി പാര്‍ക്കില്‍ സന്ദര്‍ശനം നടത്തുന്ന സന്ദര്‍ശകര്‍ക്ക് സൗജന്യ സര്‍പ്രൈസ് ഗിഫ്റ്റ്, കലാ പരിപാടികള്‍ തുടങ്ങിയവ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. സെബീല്‍ പാര്‍ക്കും വിലപിടിപ്പുള്ള സമ്മാനങ്ങളുമായി സന്ദര്‍ശകരെ കാത്തിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here