സനുഷയെ ട്രെയിനില്‍ അപമാനിക്കാന്‍ ശ്രമം

തിരുവനന്തപുരം: നടി സനുഷയെ ട്രെയിനില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കന്യാകുമാരി സ്വദേശി ആന്റോ ബോസാണ് പിടിയിലായത്. കഴിഞ്ഞ ദിവസം മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യവെയാണ് സനുഷയ്‌ക്കെതിരെ ആക്രമണശ്രമമുണ്ടായത്.

വടക്കാഞ്ചേരി സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴായിരുന്നു സംഭവം. എ വണ്‍ കോച്ചിലായിരുന്നു നടി. തിരൂരില്‍ നിന്നാണ് ആന്റോ ബോസ് ഇതേ കോച്ചില്‍ കയറിയത്.

ഇയാള്‍ ഉറങ്ങുകയായിരുന്ന നടിയെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചെന്നാണ് പരാതി. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കായിരുന്നു നടിയുടെ യാത്ര. എന്നാല്‍ ഉപദ്രവിക്കപ്പെട്ടപ്പോള്‍ സഹയാത്രികര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് നടി പറഞ്ഞു.

ഉറങ്ങുമ്പോള്‍ ചുണ്ടില്‍ സ്പര്‍ശിച്ച ഇയാളുടെ ഇയാളുടെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും സഹായിച്ചില്ലെന്നും നടി പറഞ്ഞു. ട്രെയിനില്‍ ഉണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്ത് നിന്നുള്ള ഒരു യാത്രക്കാരനുമാണ് സഹായത്തിനെത്തിയത്.

തുടര്‍ന്ന് യുവാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തൃശൂര്‍ റെയില്‍വെ പൊലീസാണ്‌ ഇയാളെ അറസ്റ്റ് ചെയ്തത്.സ്വര്‍ണ്ണപ്പണിക്കാരനാണ് ഇയാള്‍. ആന്റോ ബോസിനെതിരെ 354 ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here