ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ അറസ്റ്റ്

കൊച്ചി :അപ്രഖ്യാപിത ഹര്‍ത്താലെന്ന പ്രചാരണത്തിന് തുടക്കമിട്ട യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശിയായ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൊലീസ് നിരീക്ഷിച്ച് വരികയാണ്. ഇദ്ദേഹത്തെ കൂടാതെ മറ്റ് 20 പേര്‍ കൂടി നിരീക്ഷണത്തിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധ ആഹ്വാനവുമായി മുന്നിട്ടിറങ്ങിയ ഈ എറണാകുളം സ്വദേശിയാണ് അപ്രഖ്യാപിത ഹര്‍ത്താലിന് പിന്നിലെ മുഖ്യ ചാലക ശക്തിയെന്ന് പൊലീസ് സംശയിക്കുന്നു. ഇയാളില്‍ നിന്ന് വിദ്വേഷം ജനിപ്പിക്കുന്ന സന്ദേശങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കത്വവായില്‍ എട്ട് വയസ്സുകാരി പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ടെന്ന് വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താല്‍ അരങ്ങേറിയത്.

സമൂഹ മാധ്യമ കൂട്ടായ്മകള്‍ വഴി പിറവിയെടുത്ത ഹര്‍ത്താല്‍ എന്ന് സ്വയം കൊട്ടിഘോഷിച്ച സമരാനുകൂലികള്‍ വ്യാപക അക്രമണമാണ് സംസ്ഥാനത്തെ ഒട്ടു മിക്ക ജില്ലകളിലും നടത്തിയത്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ അടിച്ച് തകര്‍ത്തു.
ഇതിനെ തുടര്‍ന്നാണ് പൊലീസ് സമരത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

ദിവസങ്ങളോളം സമൂഹ മാധ്യമത്തില്‍ രഹസ്യമായി നടത്തിയ ആസൂത്രണത്തിന്റെ ഭാഗമായാണ് ഹര്‍ത്താല്‍ നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെയായി കോഴിക്കോട് ജില്ലയില്‍ നിന്നും 228 പേരും കാസര്‍കോട് 140 ഉം കണ്ണൂരിലും മലപ്പുറത്തും ഇരുന്നൂറിലധികം പേരും വയനാട് 54 പേരും പാലക്കാട് 189 പേരും അറസ്റ്റിലായിട്ടുണ്ട്. വിവിധ ജില്ലകളിലായി രണ്ടായിരത്തോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോഴിക്കോട് നഗരത്തില്‍ ഒരാഴ്ച്ചത്തെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here