ഹര്‍ത്താല്‍ അറസ്റ്റില്‍ വഴിത്തിരിവ്

തിരൂര്‍ :കത്‌വാ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടന്ന വാട്ട്‌സാപ്പ് ഹര്‍ത്താലില്‍ അറസ്റ്റ് പുരോഗമിക്കുന്നു. തിരൂരില്‍ നിന്നും ഒരു പതിനാറുകാരനും കൊല്ലം, തിരുവനന്തപുരം മേഖലകളില്‍ നിന്നും അഞ്ച് പേരുമാണ് അറസ്റ്റിലായിരിക്കുന്നത്. ഇതില്‍ നാല് പേര്‍ കിളിമാനൂര്‍ സ്വദേശികളും ഒരാള്‍ തിരുവനന്തപുരം സ്വദേശിയുമാണ്.

അറസ്റ്റിലായവരിലെ കൊല്ലം സ്വദേശികളില്‍ ഒരാളാണ് ഹര്‍ത്താല്‍ നടത്തിപ്പിലെ മുഖ്യ സൂത്രധാരനെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൂടാതെ ഈ നാലു പേരില്‍ ചിലര്‍ക്ക് സംഘപരിവാര്‍ ബന്ധമുള്ളതായും സംശയിക്കപ്പെടുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ മുന്‍പ് ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നുവെന്നും സൂചനകളുണ്ട്.

മലപ്പുറം എസ് പി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ കീഴിലുള്ള അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. തീരൂര്‍ സ്വദേശിയായ 16 കാരനേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തത് കൊണ്ട് തന്നെ പതിനാറുകാരന് മേല്‍ കേസൊന്നും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ‘വോയിസ് ഓഫ് ട്രൂത്ത്’ എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും പുറത്ത് വന്ന ആഹ്വാനങ്ങളാണ് ഹര്‍ത്താലിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

ഇതേ പേരിലുള്ള നാല് വാട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നാണ് ഹര്‍ത്താല്‍ സന്ദേശം പ്രചരിച്ചിരിക്കുന്നത്. അതേസമയം 16 കാരനെ പ്രതിയാക്കി യഥാര്‍ത്ഥ പ്രതികള്‍ മറഞ്ഞിരിക്കുകയാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here