കൂട്ടുകാരുടെ ജീവന്‍ രക്ഷിച്ച് അഷ്ഫാഖ് യാത്രയായി

ബുംബാഹേരി :മദ്രസ്സ തകര്‍ന്നു വീഴുന്നതിനിടെ സ്വന്തം ജീവന്‍ പോലും തൃണവല്‍ഗണിച്ച് 20 കുട്ടികളുടെ ജീവന്‍ രക്ഷിച്ച് മരണത്തിലേക്ക് നടന്നടുത്ത 17 വയസ്സുകാരന്‍ അഷ്ഫാഖ് നൊമ്പരമാകുന്നു. ഹരിയാനയിലെ ബുംബാഹേരി ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നാടിനെ ഞെട്ടിച്ച ദുരന്തം അരങ്ങേറിയത്.

മതപഠനം നടക്കുന്നതിനിടെയാണ് കനത്ത കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് മദ്രസ്സ കെട്ടിടം തകര്‍ന്ന് വീണത്. സമീപത്തെ വീടിന്റെ മേല്‍ക്കൂരയിലുണ്ടായിരുന്ന ഷീറ്റ് മദ്രസയിലെ മിനാരത്തില്‍ തട്ടി കെട്ടിടത്തിന്റെ ചുവരുകളിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു.

തുടര്‍ന്ന് കെട്ടിടത്തിന്റെ ചുവരുകളും ഇടിഞ്ഞു. അഷ്ഫാഖ് അടക്കം 22 കുട്ടികളാണ് സംഭവ സമയത്ത് മദ്രസയ്ക്കുള്ളില്‍ ഉണ്ടായിരുന്നത്. പ്രതികൂല കാലാവസ്ഥയുടെ അപകടം മനസ്സിലാക്കിയ അഷ്ഫാഖ് തന്റെ സുഹൃത്തുക്കളെ എത്രയും വേഗം പുറത്തേക്ക് എത്തിച്ച് രക്ഷപ്പെടുത്തുന്നതില്‍ വ്യാപൃതനായി.

ഇതിനിടയില്‍ കെട്ടിടത്തിന്റെ ഭിത്തി പൊളിഞ്ഞ് വീണ് അഷ്ഫാഖിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഇതിനിടയിലും 20 കുട്ടികളെയും പരിക്കുകളേതും കൂടാതെ രക്ഷപ്പെടുത്താന്‍ അഷ്ഫാഖിനും സുഹൃത്തായ ആബിദ് ഹുസൈനും സാധിച്ചു. പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആബിദ് ഇപ്പോള്‍ ചികിത്സയിലാണ്.

വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് പോകും വഴിയാണ് അഷ്ഫാഖ് ആംബുലന്‍സില്‍ വെച്ച് മരണത്തിന് കീഴടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here