അത്ഭുത കൂണിനായുള്ള കാത്തിരിപ്പില്‍ ഗ്രാമവാസികള്‍

ഡെറാഡൂണ്‍ :കനത്ത മഞ്ഞു വീഴ്ച്ച കാരണം പൊറുതി മുട്ടിയിരിക്കുകയാണ് ഉത്തരാഖണ്ഡിലെ മലയോര നിവാസികള്‍. ലക്ഷങ്ങളുടെ നഷ്ടമാണ് കനത്ത മഞ്ഞു
വിഴ്ച്ച കാരണം ഈ പ്രദേശവാസികള്‍ക്ക് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഹിമാലയ പര്‍വ്വത മേഖലയിലുള്ള ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഗ്രാമവാസികള്‍ക്കാണ് മഞ്ഞു വീഴ്ച്ച കനത്ത തിരിച്ചടിയായിരിക്കുന്നത്.

‘ഹിമാലയന്‍ വയാഗ്ര’ എന്നറിയപ്പെടുന്ന വിശേഷ കൂണ്‍ രൂപം കൊള്ളുന്ന സമയമാണ് മെയ് മാസം. ചമോലി ഗ്രാമത്തിലെ ഹിമാലയന്‍ മലനിരകളിലുള്ള ചരിഞ്ഞ പുല്‍ മൈതാനങ്ങളിലാണ് ഇവ രൂപം കൊള്ളാറുള്ളത്. ആയുര്‍വേദ പുസ്തകങ്ങളില്‍
യാര്‍സഗുമ്പായെന്നും പ്രാദേശികമായി കീരജാരി എന്നുമറിയപ്പെടുന്ന ഈ കൂണ്‍ ലൈംഗിക ഉത്തേജന ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ്.

ചൈനീസ് നാട്ടു മരുന്നുകളിലാണ് ഇവ കൂടുതലായും ചേര്‍ക്കപ്പെടുന്നത്. ചരിഞ്ഞ ഭൂപ്രകൃതിയും സവിശേഷ കാലാവസ്ഥയും ആവശ്യമായത് കൊണ്ട് തന്നെ അപൂര്‍വമായി മാത്രമേ ഇവ ഭൂമിയില്‍ കാണപ്പെടാറുള്ളൂ. അതുകൊണ്ട് തന്നെ ഇവയുടെ വിലയും അല്‍പ്പം അധികമാണ്. ഒരു കിലോ കൂണിന് ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം അനുസരിച്ച് കുറഞ്ഞത് 2 തൊട്ട് 5 ലക്ഷം രൂപ വരെ ലഭിക്കും. ചിലപ്പോള്‍ വില ഇതിലും കൂടാറുണ്ട്.

മെയ് മാസത്തില്‍ മഞ്ഞ് ഉരുകുമ്പോഴാണ് ഇവ പൊട്ടി മുളയ്ക്കാറുള്ളത്. ഈ സമയം നോക്കി ചമോലിയിലെ താഴ്ന്ന പ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ മലമുകളിലേക്ക് ഒരു മാസത്തേക്ക് വേണ്ട ഭക്ഷണ സാധനങ്ങളുമായി മല കയറി ടെന്റുകള്‍ നിര്‍മ്മിച്ച് താമസമാരംഭിക്കും. ദശോലി, ഗട്ട്, ഉര്‍ഗം വാലി, ദേവല്‍, ജോഷിമത്, നിതി വാലി എന്നീ ഗ്രാമങ്ങളിലെ ജനങ്ങളാണ് പ്രധാനമായും ഈ വ്യവസായത്തില്‍ ഏര്‍പ്പെടാറുള്ളത്.

ഈ കൂണുകള്‍ പറിച്ച് സംസ്‌കരിച്ച് വിപണിയില്‍ വില്‍ക്കുവാന്‍ പാകത്തിലാക്കിയതിന് ശേഷം മാത്രമേ ഇവര്‍ സാധാരണയായി മല ഇറങ്ങാറുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഈ സീസണില്‍ മഞ്ഞു വീഴ്ച്ച ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. മൂന്ന് മുതല്‍ നാല് അടി വരെ തറ നിരപ്പില്‍ നിന്നും മഞ്ഞു നിറഞ്ഞ് നില്‍ക്കുകയാണ്.

അതിനാല്‍ തന്നെ ഇത്തവണ കൂണ്‍ ഉല്‍പ്പാദനം ഉണ്ടാവുമോ എന്ന കാര്യത്തില്‍ തന്നെ പ്രദേശ വാസികള്‍ ആശങ്കയിലാണ്. ഭക്ഷണ സാധനങ്ങളുമായി മല കയറിയ ഏതാനും പ്രദേശ വാസികള്‍ അവയൊക്കെ മുകളില്‍ ഉപേക്ഷിച്ച് താഴോട്ട് ഇറങ്ങേണ്ട സ്ഥിതി വിശേഷവുമുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here