കുഞ്ഞ് പിറന്നത് 35,000 അടി ഉയരത്തില്‍

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് നിന്ന് ന്യൂയോര്‍ക്കിലേക്ക് പറന്ന വിമാനത്തില്‍ യുവതിക്ക് സുഖ പ്രസവം. അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കവെ 35,000 അടി ഉരത്തില്‍ വെച്ച് നൈജീരിയന്‍ യുവതിയായ ടോയിന്‍ ഒഗുണ്ടിപേയാണ് ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്.

വിമാനത്തിലുണ്ടായിരുന്ന ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ സിജ് മഹലാണ് പ്രസവമെടുത്തതെന്ന പ്രത്യേകതയുമുണ്ട്. വിമാനം അറ്റ്‌ലാന്റിക്കിന് മുകളിലൂടെ പറക്കവെയാണ് ടോയിന് വേദന അനുഭവപ്പെടുന്നത്.

അടുത്ത വിമാനത്താവളമായ അമേരിക്കയിലെ ജോണ്‍ എഫ് കെന്നഡിയില്‍ എത്തണമെങ്കില്‍ 4 മണിക്കൂര്‍ പിന്നെയും താണ്ടേണ്ടതുണ്ട്. അടിയന്തര ലാന്‍ഡിംഗിന് സൗകര്യമുള്ള അമേരിക്കന്‍ സൈനിക കേന്ദ്രം പിന്നിട്ടിട്ട് രണ്ട് മണിക്കൂര്‍ കഴിയുകയും ചെയ്തു.

ഇതോടെ യാത്രക്കാരില്‍ ഡോക്ടര്‍മാരുണ്ടോയെന്ന് പൈലറ്റ് തിരക്കി. അപ്പോഴാണ് യൂറോളജിസ്റ്റായ സിജ് മഹലും അദ്ദേഹത്തോടൊപ്പമുള്ള ശിശുരോഗ വിദ്ഗധന്‍ ഡോ. സൂസന്‍ ഷെപ്പേര്‍ഡും സന്നദ്ധതയറിയിച്ചത്.

ടോയിന്‍ 39 ആഴ്ച ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ ഇവര്‍ പ്രസവം അടുത്തതായും പരിശോധനയിലൂടെ മനസ്സിലാക്കി. തുടര്‍ന്ന് യാത്രക്കാരിയെ ഫസ്റ്റ്ക്ലാസ് സീറ്റിലേക്ക് മാറ്റി. തുടര്‍ന്ന് വിമാനത്തില്‍ ലഭ്യമായ പ്രഥമ ശുശ്രൂഷ കിറ്റ് ഉപയോഗിച്ച് തയ്യാറെടുപ്പുകള്‍ നടത്തി.

രക്തസമ്മര്‍ദ്ദമടക്കം പരിശോധിച്ചു. വൈകാതെ ടോയിന്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചു. സിജ് മെഹലിന്റെയും, സൂസന്‍ ഷെപ്പേര്‍ഡിന്റെയും സേവനത്തിന് ബാങ്ക് ഉദ്യോഗസ്ഥയായ ടോയിന്‍ നന്ദി രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here