നഴ്‌സ് സമരം ; കോടതി തടഞ്ഞു

കൊച്ചി :നഴ്‌സുമാരുടെ അന്ശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞു. ആശുപത്രി ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സമരത്തിനെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

തിങ്കളാഴ്ച വരെയാണ് സമരം തടഞ്ഞത്. സമരം കാരണം അത്യാഹിത വിഭാഗങ്ങളിലെയടക്കം പ്രവര്‍ത്തനം തടസപ്പെടുന്നു,  അടിയന്തര സഹായം വേണ്ടിവരുന്ന രോഗികള്‍ വലയുന്നു, ദേശീയ പാത ഉപരോധം നടക്കുന്നത് മൂലം പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഈ ഹര്‍ജിയിലാണ് സമരം ചെയ്യുന്ന നേഴ്‌സ്മാര്‍ക്ക് കടുത്ത തിരിച്ചടി നല്‍കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. യുഎന്‍എ അടക്കമുള്ള നഴ്‌സുമാരുടെ സംഘടനയ്ക്ക് ഉത്തരവ് സംബന്ധിച്ച നോട്ടിസ് അയച്ച കോടതി തിങ്കളാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.

അതേ സമയം ഉത്തരവിനെതിരെ പ്രതികരിക്കാന്‍ നേഴ്‌സുമാരുടെ സംഘടനകള്‍ ഇതുവരെ തയ്യാറായില്ല. നിലവില്‍ ആലപ്പുഴയിലെയും തിരുവന്തപുരത്തെയും ചില സ്വകാര്യ ആശുപത്രികളിലാണ് നഴ്‌സുമാരുടെ സമരം നടക്കുന്നത്.

മാര്‍ച്ച് 5 മുതല്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ മുഴുവന്‍ സ്വകാര്യ-സഹകരണ ആശുപത്രികളിലേയും നഴ്‌സുമാര്‍ അനിശ്ചിതകാല സമരമുഖത്തിറങ്ങാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഈ ഇടക്കാല ഉത്തരവ്.

ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക, ട്രെയിനിംഗ് സമ്പ്രദായം നിര്‍ത്തലാക്കുക, പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയവയാണ് സമരക്കാര്‍ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here