ഹിന്ദു മഹാസഭയുടെ കലണ്ടര്‍ വിവാദത്തില്‍

അലിഗഢ് :വിശുദ്ധ മക്കയും കുത്തബ് മിനാറുമടക്കം ഏഴ് മുസ്‌ലിം പള്ളികളും സ്മാരകങ്ങളും പണ്ട് ക്ഷേത്രങ്ങളായിരുന്നെന്ന് അവകാശപ്പെട്ട് ഹിന്ദു മഹാസഭാ. സംഘടനയുടെ അലിഗഢ് ഘടകം പുറത്തിറക്കിയ ഹിന്ദു പുതു വര്‍ഷ കലണ്ടറിലാണ് ഇവയുടെ ചിത്രങ്ങളടക്കം കാണിച്ച് പേരുകള്‍ മാറ്റി അവകാശവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഈ കലണ്ടര്‍ പുറത്തിറങ്ങിയത് .

വിശുദ്ധ മക്കയെ മക്കേശ്വര്‍ മഹാദേവ ക്ഷേത്രമെന്നാണ് കലണ്ടറില്‍ നാമകരണം ചെയ്തിരിക്കുന്നത്. പ്രാചീന മുഗള്‍ സ്മാരകമായ കുത്തബ് മിനാറിനെ വിഷ്ണു സതംഭമായാണ് വിശേഷിപ്പിച്ചിട്ടുള്ളത്. താജ് മഹലിനെ തേജോ മഹാലയ ക്ഷേത്രമായും മധ്യപ്രദേശിലെ പ്രസിദ്ധമായ കമല്‍ മൗല പള്ളിയെ ഭോജ്ശാലയെന്നും കാശിയിലെ ഗ്വാന്‍ വ്യാപി പള്ളിയെ വിശ്വാനാഥ ക്ഷേത്രമായും കലണ്ടറില്‍ ചിത്രീകരിച്ചിരിക്കുന്നു.

പ്രാചീന കാലത്ത് ക്ഷേത്രങ്ങളായിരുന്ന ഇവ മുഗള്‍ രാജവംശത്തിന്റെ ഭരണത്തില്‍ പള്ളികളായി മാറ്റുകയായിരുന്നുവെന്നാണ് ഹിന്ദു മഹാ സഭാ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡ്യേ അവകാശപ്പെടുന്നത്. അതു കൊണ്ട് തന്നെ ഇവ ഹിന്ദുക്കള്‍ക്ക് തിരിച്ച് നല്‍കണമെന്നും ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും പൂജ ശകുന്‍ പാണ്ഡ്യേ കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഇത്തരം പ്രസ്താവനകള്‍ വിഢിത്തരമാണെന്നും ഇവ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ആസൂത്രത ശ്രമങ്ങളുടെ ഭാഗമാണെന്നും ആള്‍ ഇന്ത്യാ മുസ്‌ലിം പേര്‍സണല്‍ ലോ ബോര്‍ഡ് അംഗം ഇമാം മൗലാന ഖാലിദ് റഷീദ് ഫിരംഗി മാഹില്‍ ആരോപിച്ചു. രാജ്യത്ത് വര്‍ഗ്ഗീയ ലഹളകള്‍ ഉണ്ടാക്കാനാണ് ഹിന്ദു മഹാസഭയുടെ ശ്രമമെന്നും ഇമാം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനില്‍ ഹാഫിസ് സയ്യീദ് മുഹമ്മദിനെ പോലെയാണ് ഇന്ത്യയില്‍ ഹിന്ദു മഹാ സഭയുടെ പ്രവര്‍ത്തനമെന്ന് മുന്‍ അലിഗഡ് എംഎല്‍എ സമീറുല്ലാ ഖാന്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here