എണ്ണവില ബാരലിന് 80 ഡോളറാക്കാന്‍ സൗദി

ന്യൂഡല്‍ഹി : എണ്ണവില വര്‍ധിപ്പിക്കാനുള്ള സൗദി അറേബ്യയുടെ നീക്കം ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും. എണ്ണവില ബാരലിന് 80 ഡോളറാക്കി ഉയര്‍ത്താനാണ് സൗദി നീക്കം. പ്രമുഖ എണ്ണ ഉത്പാദക രാജ്യമായ റഷ്യയെയും കൂട്ടുപിടിച്ചാണ് സൗദിയുടെ നടപടി. നിലവില്‍ എണ്ണവില ബാരലിന് 70 ഡോളറാണ്.

രാജ്യത്തിനാവശ്യമായ എണ്ണയുടെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. സൗദിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ എണ്ണ എത്തിക്കുന്നതും. നിരക്ക് ഉയരുന്നതോടെ രാജ്യത്ത് അവശ്യവസ്തുക്കളുടെ വില കുതിച്ചുയരും. ചരക്കുകടത്ത് നിരക്കില്‍
വന്‍ വര്‍ധനയുണ്ടാകുന്നതിനെ തുടര്‍ന്നാണ്.

സര്‍വ്വമേഖലയിലും വിലവര്‍ധന പ്രകടമാകും. സാധാരണക്കാരുടെ ഉപജീവനം ദുസ്സഹമാവുകയും സമ്പദ് വ്യവസ്ഥയില്‍ ഉലച്ചിലിനിടയാക്കുകയും ചെയ്യും. ഇത്തരത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയെ തടയാന്‍ സൗദിക്കാകുമെന്ന് ആഗോള സാമ്പത്തിക മാധ്യമ സ്ഥാപനമായ ബ്ലൂംബര്‍ഗ് വിലയിരുത്തുന്നു.

എണ്ണവില ബാരലിന് 50 ഡോളറിലെത്തണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ എണ്ണവില്‍പ്പനയിലൂടെ കൂടുതല്‍ വരുമാനം ലക്ഷ്യമിടുന്ന സൗദി വില പരമാവധി ഉയര്‍ത്താനുള്ള നീക്കങ്ങളാണ് നടത്തിവരുന്നത്. ഇതിനായി റഷ്യയെ കൂട്ടുപിടിച്ച് ഒപെക്കില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയുമാണ്.

മറുഭാഗത്ത് അമേരിക്ക ഷെയ്ല്‍ ഓയില്‍ ഖനനത്തില്‍ കുതിച്ചുയരുകയാണ്. താരതമ്യേന വിലകുറവാണ് ഷെയ്ല്‍ ഓയിലിന്. ഇതുമൂലം അന്താരാഷ്ട്ര തലത്തില്‍ അമേരിക്കന്‍ ഓയിലിന് വന്‍ സ്വീകാര്യതയുണ്ട്. അധികം വൈകാതെ അമേരിക്ക എണ്ണയുല്‍പ്പാദനത്തില്‍ സൗദിയെ കടത്തിവെട്ടിയേക്കുമെന്ന പഠനങ്ങളും പുറത്തുവരുന്നു.

എന്നാല്‍ സൗദി പോലുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് എണ്ണയാണ് പ്രധാന വരുമാനം. അതിനാലാണ് വില പരമാവധി ഉയര്‍ത്താന്‍ ഈ രാജ്യങ്ങള്‍ പരിശ്രമിക്കുന്നത്.ഉല്‍പ്പാദനം നിയന്ത്രിച്ച് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണവില വര്‍ധിപ്പിക്കുക്കാനാണ് സൗദി ശ്രമിച്ചത്.

ഒപെക്കിന്റെ അംഗീകാരത്തോടെയായിരുന്നു ഇത്. എന്നാല്‍ ഒപെക്കില്‍ അംഗമല്ലാത്ത അമേരിക്ക നിര്‍ബാധം ഷെയ്ല്‍ ഓയില്‍ ശുദ്ധീകരണം തുടരുകയും ചെയ്തു. വില കുറവായതിനാല്‍ അമേരിക്കന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് ഇന്ത്യ ആലോചിച്ച് വരികയാണ്.

എന്നാല്‍ ഇതിന്റെ ഗുണമേന്‍മ സംബന്ധിച്ച് ആഗോള തലത്തില്‍ തന്നെ വിദഗ്ധരില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ട്. സൗദി എണ്ണവില വര്‍ധിപ്പിക്കുന്നത് മോദി സര്‍ക്കാരിന്റെ പ്രതീക്ഷകളെയും തകിടം മറിക്കും. 2019 ല്‍ രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്.

ഈ അവസരത്തില്‍ എണ്ണവില വീണ്ടും കുത്തനെ ഉയരുന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയാകും. അതേസമയം മഹാരാഷ്ടയിലെ രത്നഗിരിയില്‍ ബൃഹത്തായ എണ്ണശുദ്ധീകരണശാല സ്ഥാപിക്കാന്‍ സൗദി അരാംകോ ഇന്ത്യന്‍ പൊതുമേഖലാ എണ്ണക്കമ്പനികളുമായി കരാറിലേര്‍പ്പെട്ടുകഴിഞ്ഞു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 2 ദശലക്ഷം ബാരല്‍ എണ്ണ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള റിഫൈനറിയാണ് ഒരുക്കുന്നത്. പദ്ധതി സാക്ഷാത്കരിച്ച് ഇന്ത്യയുടെ എണ്ണമേഖലയിലും പ്രകൃതിവാതക രംഗത്തും ശ്രദ്ധേയ കുതിപ്പുണ്ടാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here