മുതലയുടെ വയറിനുള്ളില്‍ മനുഷ്യഭാഗം

ബൊര്‍ണിയോ : ആക്രമണകാരിയായ മുതലയെ അധികൃതര്‍ വെടിവെച്ച് കൊലപ്പെടുത്തി. ഇന്‍ഡോനേഷ്യയിലെ ബോര്‍ണിയോയിലാണ് സംഭവം. 6 മീറ്റര്‍ നീളമുള്ള മുതലയെയാണ് വെള്ളിയാഴ്ച വെടിവെച്ച് കൊന്നത്. തുടര്‍ന്ന് മുതലയുടെ വയറുകീറി പരിശോധിച്ചപ്പോള്‍ മനുഷ്യന്റെ കയ്യും കാലും കണ്ടെത്തി.

കഴിഞ്ഞദിവസം പ്രദേശത്തെ ഒരു പാമോയില്‍ പ്ലാന്റേഷന്‍ തൊഴിലാളിയുടെ ഒരു കയ്യും കാലുമില്ലാത്ത മൃതദേഹം കണ്ടെത്തിയിരുന്നു. 36 കാരനായ ആന്‍ഡി ആസോ ഇറാങ്ങിനെയാണ് ദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതോടെ ഇയാളെ മുതല കടിച്ച് കൊന്നതാണെന്ന് പൊലീസും അധികൃതരും സ്ഥിരീകരിച്ചു.

ഇതിന് പിന്നാലെയാണ് പ്രദേശത്തെ നദീതീരത്ത് പ്രത്യക്ഷപ്പെടാറുള്ള മുതലയെ വെടിവെച്ച് കൊന്നത്. രണ്ട് ദിവസം മുന്‍പാണ് ആന്‍ഡി ആസോയെ കാണാതായത്. നദിയില്‍ നിന്ന് നത്തയ്ക്കാ ശേഖരിക്കാന്‍ പോയതായിരുന്നു ആന്‍ഡി. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചെത്തിയില്ല.

ബന്ധുക്കള്‍ തിരഞ്ഞുപോയപ്പോള്‍ ഇയാളുടെ ബൈക്കും ചെരുപ്പുകളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ നദീതീരത്ത് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തി വരികയായിരുന്നു.

ഇതിനിടെയാണ് വ്യാഴാഴ്ച ഇദ്ദേഹത്തിന്റെ കയ്യും കാലുമില്ലാത്ത മൃതദേഹം കണ്ടെത്തിയത്. ശേഷം നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധികൃതരെത്തി ആക്രമണകാരിയായ മുതലയെ വെടിവെച്ച് കൊലപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here