ഭാര്യയെ കബളിപ്പിച്ച് ഭര്‍ത്താവ് കിഡ്‌നി വിറ്റു

കൊല്‍ക്കത്ത: ഭാര്യയുടെ കിഡ്‌നി വിറ്റ ഭര്‍ത്താവും സഹോദരനും അറസ്റ്റില്‍. ഇരുപത്തിയെട്ടുകാരിയായ റിത സര്‍ക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇരുവരും അറസ്റ്റിലായത്.

ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാത്തതിനെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്റെ കിഡ്‌നി വിറ്റതെന്ന് യുവതി പരാതിയില്‍ പറയുന്നു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലാണ് സംഭവം.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹിതരായവരാണ് വിശ്വജിത്തും റിതയും. വര്‍ഷങ്ങളായി സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്ന ഭര്‍തൃവീട്ടുകാര്‍ തന്നെ കബളിപ്പിച്ചാണ് കിഡ്‌നി വിറ്റതെന്ന് റിത പറയുന്നു.

രണ്ട് വര്‍ഷം മുന്‍പ് റിതയ്ക്ക് കടുത്ത വയറുവേദനയുണ്ടായിരുന്നു. ഇതേതുടര്‍ന്ന് കൊല്‍ക്കത്തയിലെ ഒരു ആശുപത്രിയില്‍ ചികിത്സയും തേടി. ഓപ്പറേഷന്‍ നടത്തിയാല്‍ സുഖപ്പെടുമെന്ന് സ്വകാര്യ ആശുപത്രി അധികൃതരും ഭര്‍ത്താവും ധരിപ്പിച്ചു.

ഓപ്പറേഷന്‍ നടത്തിയെങ്കിലും വേദനയ്ക്ക് കുറവൊന്നുമുണ്ടായില്ല. മറ്റൊരു ആശുപത്രിയിലെത്തിച്ച് ചികിത്സിക്കണമെന്ന് റിത ഭര്‍ത്താവിനോട് പറഞ്ഞെങ്കിലും ഇയാള്‍ തയ്യാറായില്ല.

എന്നാല്‍ റിതയുടെ ബന്ധുക്കള്‍ യുവതിയെ ബംഗാള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി എത്തിച്ചു. അവിടെവെച്ചുള്ള പരിശോധനയിലാണ് വലതുകിഡ്‌നി നഷ്ടമായ വിവരം ഇവരറിയുന്നത്.

തുടര്‍ന്ന് റിത പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രണ്ട് ലക്ഷം രൂപയ്ക്കാണ് കിഡ്‌നി വിറ്റതെന്നാണ് സൂചന. പൊലീസ്, ഭര്‍ത്താവ് വിശ്വജിത്ത് സര്‍ക്കാര്‍, സഹോദരന്‍ ശ്യാം ലാല്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരുടെ മാതാവ് ബുലാറാണി ഒളിവിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here