സംശയ രോഗത്തെ തുടര്‍ന്ന് സ്‌കൂള്‍ അധ്യാപികയെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി

കൊലാര്‍ :അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സ്‌കൂള്‍ അധ്യാപികയായ യുവതിയെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി. കര്‍ണ്ണാടകയിലെ കോലാര്‍ ജില്ലയിലെ ബംഗാരപ്പേട്ടയിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. ബംഗാരപ്പേട്ടിലെ ഒരു സ്വകാര്യ വിദ്യാലയത്തില്‍ അധ്യാപികയായ 27 വയസ്സുള്ള സന്ധ്യയാണ് ഭര്‍ത്താവ് വംശിയുടെ കൈകളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്.യുവതി പഠിപ്പിക്കുന്ന അതേ സ്‌കൂളില്‍ തന്നെയാണ് വംശിയും അധ്യാപകനായി ജോലി ചെയ്യുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായതിനാല്‍ ഇവര്‍ വീട്ടുകാരില്‍ നിന്നും അകന്നാണ് കഴിഞ്ഞിരുന്നത്. ഇരു വീട്ടുകാരുമായും വര്‍ഷങ്ങളായി ഇവര്‍ ബന്ധം പുലര്‍ത്താറുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ ബാംഗ്ലൂരിലെ ഒരു വിദ്യാലയത്തിലാണ് ഇരുവരും അധ്യാപന വൃത്തിയിലേര്‍പ്പെട്ടിരുന്നത്.എന്നാല്‍ ഇവിടെ വെച്ചും സന്ധ്യക്ക് മറ്റൊരു അധ്യാപകനുമായി അവിഹിത ബന്ധമുണ്ടെന്ന് വംശി ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ ബാംഗാരപ്പേട്ടയിലെ സ്‌കൂളിലേക്ക് മാറിയത്. എന്നാല്‍ ഇവിടെ വെച്ചും യുവാവ് ഭാര്യയെ സംശയിക്കുന്നത് തുടര്‍ന്നു. ഇതിനെ തുടര്‍ന്ന് ദിവസവും ഇവരുടെ വീട്ടില്‍ വഴക്ക് പതിവായിരുന്നെന്ന് അയല്‍ക്കാര്‍ പറയുന്നു. വെള്ളിയാഴ്ച രാത്രിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് വംശി സന്ധ്യയെ കുത്തി കൊലപ്പെടുത്തിയതെന്ന് കരുതുന്നു.സംഭവത്തിന് ശേഷം വംശി ഒളിവിലാണ്. ശനിയാഴ്ച രാവിലെ സന്ധ്യയെ വീടിന് പുറത്ത് കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ അയല്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് മുറിയില്‍ ചോരയില്‍ കുളിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കാണപ്പെട്ടത്. വംശിക്കായി പൊലീസ് തിരച്ചില്‍ നടത്തി വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here