ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് ഹൃദയം

ഹൈദരാബാദ് : ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയില്‍ മിടിക്കുന്ന രണ്ട് ഹൃദയങ്ങള്‍. പിഗ്ഗി ബാക്ക് ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ് എന്ന പ്രക്രിയയിലൂടെയാണ് ഈ അപൂര്‍വത സാധ്യമായത്. രോഗിയുടെ ഹൃദയം നീക്കാതെ തന്നെ ദാതാവിന്റെ ഹൃദയം സ്ഥാപിക്കുന്നതാണ് പ്രസ്തുത ശസ്ത്രക്രിയ.

ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലായിരുന്നു ഓപ്പറേഷന്‍. 56 കാരനാണ് സര്‍ജറിക്ക് വിധേയനായത്. ഇദ്ദേഹത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ഗോപാല ഗോഖലെയാണ് 7 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

മസ്തിഷ്‌കമരണം സംഭവിച്ച 17 കാരന്റെ ഹൃദയമാണ് രോഗിയില്‍ മാറ്റിവെച്ചത്. രോഗിയുടേത് സാധാരണയില്‍ കവിഞ്ഞ വലിപ്പമുള്ള ഹൃദയമായിരുന്നു. ദാനം ചെയ്ത നവീന്‍ കുമാറിന്റേത് സാധാരണ വിലപ്പത്തിലുള്ളതും.

ഇതോടെയാണ് രോഗിയുടെ ഹൃദയം നീക്കം ചെയ്യാതെ തന്നെ പുതിയത് ശസ്ത്രക്രിയയിലൂടെ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. രോഗിയുടെ പെരികാര്‍ഡിയത്തിന്റെ കുറച്ചുഭാഗം നീക്കം ചെയ്ത് സ്ഥലം കണ്ടെത്തി പുതിയത് വെയ്ക്കുകയായിരുന്നു.

രോഗിയുടെ ഹൃദയത്തിന്റെയും വലതുഭാഗത്തെ ശ്വാസകോശഭാഗത്തിന്റെയും ഇടയിലാണ് ദാതാവിന്റെ ഹൃദയത്തിനായി സ്ഥലം കണ്ടെത്തിയത്. രക്തചംക്രമണത്തില്‍ ഇരുഹൃദയങ്ങളും സഹായിക്കും. എന്നാല്‍ വേഗത വ്യത്യസ്ഥ മായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here