സിപിഎമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷം ;കാരാട്ട് പക്ഷത്തിനെതിരെ പരസ്യ പ്രതികരണവുമായി യെച്ചൂരി

ഡല്‍ഹി :കോണ്‍ഗ്രസ് ബാന്ധവം സംബന്ധിച്ച് പൊളിറ്റ് ബ്യൂറോയില്‍ നടന്ന ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും പിന്നാലെ സിപിഎമ്മില്‍ പടല പിണക്കങ്ങള്‍ ചൂടു പിടിക്കുന്നു. ഇതിനിടെ കാരാട്ട് പക്ഷത്തിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി.രണ്ട് സ്വകാര്യ ദേശിയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലാണ് യെച്ചൂരി തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. തന്നെ കോണ്‍ഗ്രസ് അനുഭാവി എന്ന് വിമര്‍ശിക്കുന്നുവെങ്കില്‍ അവര്‍ ബിജെപി അനുകൂലികള്‍ എന്ന് യെച്ചൂരി തുറന്നടിച്ചു. താന്‍ ബിജെപി അനുഭാവിയോ കോണ്‍ഗ്രസ് അനുഭാവിയോ അല്ല, ഇന്ത്യയ്ക്കും ഇന്ത്യക്കാര്‍ക്കും വേണ്ടി വാദിക്കുന്ന ആളാണെന്നും യെച്ചൂരി പറഞ്ഞു.പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുന്നത് വരെ പാര്‍ട്ടിയില്‍ ഒന്നും അന്തിമമല്ലെന്ന് മുന്നറിയിപ്പും കാരാട്ട് പക്ഷത്തിന് യെച്ചൂരി നല്‍കി. കോണ്‍ഗ്രസ് ധാരണയെ സംബന്ധിച്ച തന്റെ നിലപാടിന് ഭൂരിപക്ഷ പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി പദവി ഒഴിയാം എന്ന് പൊളിറ്റ് ബ്യൂറോയേയും കേന്ദ്രകമ്മറ്റിയേയും അറിയിച്ചിരുന്നു.ഇപ്പോള്‍ ഒഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ ഭിന്നിപ്പ് ഉണ്ടാകുമെന്നും അത് ത്രിപുരയില്‍ നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുന്നതിനാല്‍ തുടര്‍ന്ന് പോകാന്‍ പൊളിറ്റ്ബ്യൂറോ ഒന്നടങ്കം നിര്‍ബന്ധം ചെലുത്തുകയായിരുന്നെന്നും യെച്ചൂരി അഭിമുഖത്തില്‍ വെളിപ്പെടുത്തി. യെച്ചൂരിയുടെ ഈ തുറന്ന് പറച്ചിലുകള്‍ ഇടതു പക്ഷ രാഷ്ട്രീയത്തിനുള്ളില്‍ വരും ദിനങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി ഒരുക്കിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here