ആ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് കഫീല്‍ ഖാന്‍

ലഖ്‌നൗ :മാനസികമായി തളര്‍ന്ന് നിര്‍വികാരനായി ശരീരം രോഗാവസ്ഥയിലായെങ്കിലും വീട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ സന്തോഷവാനാണെന്ന് ഡോ. കഫീല്‍ ഖാന്‍. അലഹബാദ് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച് വീട്ടിലെത്തിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു കഫീല്‍ ഖാന്‍ തന്റെ അവസ്ഥ തുറന്ന് പറഞ്ഞത്. കഫീല്‍ ഖാന്‍ തന്റെ ജോലിയില്‍ പിഴവ് വരുത്തിയെന്ന് കാണിക്കുന്ന പ്രത്യക്ഷ തെളിവുകളൊന്നും ഇതുവരെ ലഭിച്ചില്ലായെന്ന കാരണത്താല്‍ അലഹബാദ് ഹൈക്കോടതിയാണ് ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ജാമ്യത്തില്‍ വിട്ടത്.

കഴിഞ്ഞ എട്ട് മാസമായി ഗൊരഖ്പൂരിലെ ജയിലില്‍ താന്‍ ചെയ്ത കുറ്റം എന്താണെന്നും പോലും അറിയാതെ തടവറയില്‍ കഴിയുകയായിരുന്നു ഡോ.കഫീല്‍ ഖാന്‍. ഒരു അച്ഛന്, ഒരു ഡോക്ടര്‍, ഒരു യഥാര്‍ത്ഥ ഹിന്ദുസ്ഥാനിക്ക് എന്താണ് ആ നിമിഷത്തില്‍ ചെയ്യാന്‍ സാധിക്കുക അതാണ് താന്‍ ആ ദിവസം ചെയ്തതെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. പുറത്ത് നിന്നും ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുവാന്‍ താന്‍ കഴിവിന്റെ പരമാവധി പരിശ്രമിച്ചു. ഇനി തന്റെ മുന്‍പോട്ടുള്ള ജിവിതം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാനത്തിന് അടിസ്ഥാനമാക്കിയാണ്, അദ്ദേഹം ജോലി ചെയ്യാന്‍ തനിക്ക് അനുവാദം നല്‍കിയാല്‍ വീണ്ടും ജനങ്ങളെ സേവിക്കാന്‍ അവസരം ലഭിക്കുമെന്നും കഫീല്‍ ഖാന്‍ പറയുന്നു.

ഗൊരഖ്പൂരിലെ ജയില്‍ അനുഭവങ്ങള്‍ ഭീകരമായിരുന്നു. ജയിലില്‍ വെച്ച് മിക്കപ്പോഴും താന്‍ ചെയ്ത കുറ്റമെന്താണെന്ന് ആലോചിച്ച് സങ്കടപ്പെടാറുണ്ടായിരുന്നു. 800 പേര്‍ക്ക് മാത്രം താമസിക്കാന്‍ സൗകര്യമുള്ള ജയിലിനുള്ളില്‍ 2000 ത്തിലധികം തടവ് പുള്ളികളുള്ളതായി കഫീല്‍ ഖാന്‍ പറയുന്നു. അരാണ് ഈ ദുരന്തത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണക്കാര്‍ എന്ന ചോദ്യത്തിന് അതെല്ലാം താന്‍ ജയിലില്‍ നിന്നുമെഴുതിയ കത്തില്‍ വിശദമായി എഴുതിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഗൊരഖ്പൂരിലെ ബിഅര്‍ഡി ആശുപത്രിയില്‍ മസ്തിഷ്‌ക വീക്കത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പിഞ്ചു കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരണപ്പെട്ടതിനെ തുടര്‍ന്നാണ് കഫീല്‍ ഖാന്‍ ജയിലിലടക്കപ്പെട്ടത്.കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25 നാണ് നാടിനെ ഞെട്ടിച്ച ഭീകര സംഭവം അരങ്ങേറിയത് 63 പിഞ്ചു കുട്ടികളാണ് മൂന്നു ദിവസത്തോളം നിണ്ടു നിന്നു ഓക്സിജന്‍ സിലിണ്ടറുകളുടെ അഭാവത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. അധികൃതരുടെ കൃത്യ വിലോപം കാരണമാണ് സിലിണ്ടറുകളുടെ ക്ഷാമം നേരിട്ടത്.

അന്ന് ആശുപത്രിയിലെ നോഡല്‍ ഓഫീസറായിരുന്ന കഫീല്‍ ഖാനും സംഘവുമാണ് തങ്ങളുടെ സ്വന്തം പണമെടുത്ത് സിലിണ്ടറുകള്‍ മറ്റു സ്ഥലങ്ങളില്‍ നിന്നും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഭരണകൂടം കഫീല്‍ ഖാനെ ജയിലിലടക്കുകയായിരുന്നു. കഫീല്‍ ഖാന്‍ അടക്കം ആശുപത്രിയിലെ ഒന്‍പത് മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്കെതിരെയാണ് കേസില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി രാജീവ് കുമാറാണ് ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്ക് ശുപാര്‍ശ ചെയ്തത്.

കടപ്പാട് : ANI

LEAVE A REPLY

Please enter your comment!
Please enter your name here