‘ആരും അവളുടെ രക്ഷയ്‌ക്കെത്തില്ലെന്ന് അറിയാമായിരുന്നു’

ബംഗളൂരു : ‘ആരും അവളുടെ രക്ഷയ്‌ക്കെത്തില്ലെന്ന് എനിക്ക് നന്നായറിയാമായിരുന്നു. കാരണം അത്രയ്ക്കും ഒറ്റപ്പെട്ട സ്ഥലത്താണ് ഞാന്‍ അവളെ എത്തിച്ചത്. ഡോറുകളെല്ലാം ലോക്ക് ചെയ്തിരുന്നതിനാല്‍ പെണ്‍കുട്ടി പരിഭ്രാന്തയായിരുന്നു. അവളുടെ ഫോണ്‍ നേരത്തേ കൈക്കലാക്കിയിരുന്നതിനാല്‍ ആരെയെങ്കിലും ബന്ധപ്പെടാനുള്ള വഴികളും  അടച്ചിരുന്നു’.

കഴിഞ്ഞ ദിവസം ബംഗളുരുവില്‍ ഒല കാറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായ 28 കാരന്‍ അരുണ്‍ പൊലീസിന് മൊഴി നല്‍കിയത് ഇങ്ങനെ. യുവ ആര്‍ക്കിടെക്ടിനെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ജൂണ്‍ ഒന്നിന് കൊഡിഹള്ളിയില്‍ നിന്ന് കെംപഗൗഡ വിമാനത്താവളത്തിലേക്ക് ഒല കാര്‍ വിളിച്ച പെണ്‍കുട്ടിയെ ഇയാള്‍ ആളൊഴിഞ്ഞൊരു മേഖലയിലെത്തിച്ച് കാറില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു.

മംഗലാപുരം സ്വദേശിനിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. പെണ്‍കുട്ടി 5 മണിയുടെ വിമാനത്തിന് മുംബൈക്ക് പറക്കാനായാണ് കെംപഗൗഡയിലേക്ക് കാര്‍ ബുക്ക് ചെയ്തത്. പുലര്‍ച്ചെ 2.25 ഓടെ കോഡിഹള്ളിയില്‍ നിന്ന് യുവതി വാഹനത്തില്‍ കയറി. എന്നാല്‍  ഇയാള്‍ വാഹനം വഴിതിരിച്ചുവിടുകയും ഒറ്റപ്പെട്ട സ്ഥലത്തുവെച്ച് യുവതിയെ ആക്രമിക്കുകയുമായിരുന്നു.

വാഹനത്തിന്റെ ഡോറുകളും ഗ്ലാസും ഇയാള്‍ ലോക്ക് ചെയ്തു.
തുടര്‍ന്ന് യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി കരഞ്ഞുബഹളം വെച്ചപ്പോള്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തുമെന്നും കൂട്ട ബലാത്സംഗം ചെയ്യുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണി മുഴക്കി. തുടര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ വിവസ്ത്രയാക്കി ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തി വാട്‌സപ്പിലൂടെ അയയ്ക്കുകയും ചെയ്തു. ശേഷം പെണ്‍കുട്ടിയെ ഇയാള്‍ വിമാനത്താവളത്തില്‍ തന്നെ ഇറക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി ഇമെയില്‍ മുഖേന നല്‍കിയ പരാതിയിലാണ് ബംഗളൂരു പൊലീസ് ഒല ഡ്രൈവറെ അറസ്റ്റ് ചെയ്തത്.

വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഒല വാഹനം ഓടിക്കാനുള്ള മതിയായ രേഖകള്‍ ഇയാള്‍ക്കില്ലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഒല കമ്പനിക്ക് പൊലീസ് നോട്ടീസയച്ചു. ഇയാള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here