നോട്ടു നിരോധനം തെറ്റായ നടപടിയെന്ന് ചന്ദ്രബാബു നായിഡു

വിജയവാഡ : ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് പിന്നാലെ നോട്ട് നിരോധനം തെറ്റായ നടപടിയായിരുന്നുവെന്ന് തുറന്നടിച്ച് ചന്ദ്രബാബു നായിഡുവും രംഗത്ത്. വിജയവാഡയില്‍ തെലുങ്ക് ദേശം പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനമായ മഹാനാട് 2018 ല്‍ സംസാരിക്കവെയാണ് ചന്ദ്രബാബു നായിഡു നോട്ട് നിരോധന സമയത്ത് തനിക്ക് തെറ്റു പറ്റിയതായി പ്രവര്‍ത്തകരോട് ഏറ്റു പറഞ്ഞത്.

‘ഞാന്‍ നോട്ടു നിരോധനത്തെ പിന്തുണച്ച വ്യക്തിയാണ്, രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ആ നീക്കം ഗുണപ്രദമാകുമെന്നാണ് കരുതിയത്, പക്ഷെ യഥാര്‍ത്ഥത്തില്‍ കേന്ദ്രത്തിന്റെ നടപടി കാരണം ബാങ്കുകള്‍ പാപ്പരായി, ജനങ്ങള്‍ക്ക് ബാങ്കിങ് നടപടികളില്‍ വിശ്വാസം നഷ്ടപ്പെട്ടു. നമ്മളൊരിക്കലും ഇത്രയും വലിയ കറന്‍സി ക്ഷാമം നേരിട്ടിട്ടില്ലെന്നും’ അദ്ദേഹം പൊതുവേദിയില്‍ തുറന്നടിച്ചു.

കേന്ദ്ര സര്‍ക്കാര്‍ നോട്ടു നിരോധനം പ്രഖ്യാപിക്കുന്ന വേളയില്‍ എന്‍ഡിഎയുടെ സഖ്യ കക്ഷിയായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി. എന്നാല്‍ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ വിമുഖത കാണിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി എന്‍ഡിഎ വിട്ടത്.

എന്‍ഡിഎ മുന്നണിയില്‍ നിന്നും ഒഴിവായതിന് ശേഷമുള്ള ആദ്യ വാര്‍ഷിക സമ്മേളനത്തിലാണ് ചന്ദ്രബാബു നായിഡു ബിജെപി സര്‍ക്കാരിനെതിരെ ഇത്ര രൂക്ഷ വിമര്‍ശനം ഉയര്‍ത്തി വിട്ടത്. എന്‍ഡിഎ മുന്നണി വിട്ട ചന്ദ്രബാബു നായിഡു കര്‍ണ്ണാടകയില്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത് ബിജെപിയുടെ എതിര്‍ ചേരിയോടൊപ്പം കൈ കോര്‍ത്ത് പിടിച്ച് വേദി പങ്കിട്ടതും ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

നേരത്തെ ബിഹാര്‍ മുഖ്യമന്തിയും എന്‍ഡിഎ മുന്നണിയിലെ സഖ്യ കക്ഷിയായ ജനതാദള്‍(യു)നേതാവ് നിതീഷ് കുമാറും നോട്ട് നിരോധനത്തിനെതിരെ രംഗത്ത് വന്നിരുന്നു. താനും ആദ്യം നോട്ടു നിരോധനത്തെ അനുകൂലിച്ചിരുന്നു, എന്നാല്‍ എത്ര ജനങ്ങള്‍ക്ക് ഇതു മൂലം ഗുണമുണ്ടായി എന്ന കാര്യം കൂടി ആലോചിക്കണമെന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രസ്താവന.

LEAVE A REPLY

Please enter your comment!
Please enter your name here