ഏഴ് വയസ്സുകാരനെ കൊന്നയാള്‍ പിടിയില്‍

ന്യൂഡല്‍ഹി: കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഐ.എ.എസ് പരീക്ഷക്ക് ഒരുങ്ങുകയായിരുന്ന അവദേശ് സാക്യ(27) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജനുവരി ഏഴിന് കാണാതായ ആശിഷ് സെയ്‌നി എന്ന ഏഴ് വയസ്സുകാരന്റെ മൃതദേഹമാണ് പെട്ടിയില്‍ കണ്ടെത്തിയത്. സെയ്‌നിയുടെ പിതാവില്‍ നിന്ന് പണം തട്ടാനായിരുന്നു കുട്ടിയെ അവദേശ് തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന്റെ നിഗമനം.

പോലീസ് പിടിയിലാവുമോയെന്ന ഭയത്താല്‍ കുട്ടിയെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. എട്ടു വര്‍ഷത്തോളം കുട്ടിയുടെ കുടുംബത്തോടൊപ്പം ഇയാള്‍ താമസിച്ചിരുന്നു.

അടുത്തിടെയാണ് മറ്റൊരു വീട്ടീലേക്ക് താമസം മാറ്റിയത്. താമസം മാറിയതിന് ശേഷവും കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തുമായിരുന്നു. പുതിയ സൈക്കിള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് കുട്ടിയെ ഇയാള്‍ സ്‌കൂളില്‍ നിന്ന് വരുന്ന വഴിക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു.

കുട്ടിയെ കാണാഞ്ഞ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ കുട്ടിയെ തിരയുന്നതിനായി മാതാപിതാക്കള്‍ക്കൊപ്പം അവദേശുമുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് നൂറിലധികം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു.

സംശയം തോന്നിയ പൊലീസ് അവദേശിന്റെ വീട്ടിലുമെത്തി. ഇയാളുടെ വീട്ടിലെത്തിയപ്പോള്‍ തന്നെ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. ചോദിച്ചപ്പോള്‍ എലികള്‍ ചത്തതിന്റെ ദുര്‍ഗന്ധമാണെന്നാണ് അവദേശ് പറഞ്ഞത്.

എന്നാല്‍ തിരച്ചില്‍ നടത്തിയ പൊലീസ് മുറിയിലെ കട്ടിലിനടിയില്‍ വലിയൊരു ചുവന്ന പെട്ടിയില്‍ മൃതദേഹം സുക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

മുന്തിയ ഇനം വാഹനം വാങ്ങുന്നതിനുള്ള മാര്‍ഗമായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. 35 ദിവസം പഴക്കമുള്ള മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത വിധം അഴുകിയിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here