ബിജെപിക്കൊപ്പം പോയാല്‍ മകന്‍ കുടുംബത്തിന് പുറത്ത്

ബംഗലൂരു :മകന്‍ ബിജെപിക്കൊപ്പം പോയാല്‍ താനും കുടുംബവും അവനെ ബഹിഷ്‌കരിക്കുമെന്ന് ജനതാദള്‍ എസ് നേതാവ് എച്ച്.ഡി ദേവഗൗഡ. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദേവഗൗഡയുടെ ഈ തുറന്ന് പറച്ചില്‍. വരാന്‍ പോകുന്ന കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ജെഡിഎസ്സും തമ്മില്‍ രഹസ്യ ധാരണയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന കോണ്‍ഗ്രസ് ആരോപണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു ദേവഗൗഡയുടെ വാക്കുകള്‍.

അമിത് ഷായും ദേവഗൗഡയുടെ മകനും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമിയും അടുത്തിടെ ഡല്‍ഹിയിലേക്ക് ഒരുമിച്ച് വിമാന യാത്ര നടത്തിയെന്നും ഇതിന്റെ തെളിവുകള്‍ ഉടന്‍ പുറത്തുവിടുമെന്നും കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടുത്തിടെ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ജെഡിഎസ്സിനേയും കൂട്ട് പിടിച്ച് ബിജെപി കര്‍ണ്ണാടകയില്‍ അധികാരത്തിലെത്താന്‍ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയിരുന്നു ഈ സാഹചര്യത്തിലാണ് തന്റെ നയം വ്യക്തമാക്കി ദേവഗൗഡ രംഗത്ത് വന്നത്.

2006 ല്‍ ബിജെപിയുമായി ചേര്‍ന്ന് കര്‍ണ്ണാടകത്തില്‍ അധികാരം പങ്കിട്ടത് ജെഡിഎസ്സിന്റെ പ്രതിച്ഛായക്ക് ദോഷം ചെയ്‌തെന്ന സമ്മതിച്ച ദേവഗൗഡ ഇനി ആ തെറ്റ് ആവര്‍ത്തിക്കില്ലെന്നും വ്യക്തമാക്കി. കോണ്‍ഗ്രസും ബിജെപിയും തങ്ങളുടെ ശത്രു പക്ഷത്താണെന്നും കര്‍ണ്ണാടകയില്‍ ഒറ്റയ്ക്ക് അധികാരത്തിലെത്താനാണ് തന്റെ പാര്‍ട്ടി ശ്രമിക്കുന്നതെന്നും ദേവഗൗഡ വ്യക്തമാക്കി. വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ക്കിടയിലും തിരക്കിട്ട തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ മുഴുകിയിരിക്കുന്ന ദേവഗൗഡ 2019 ല്‍ നടക്കുന്ന ലോക്‌സഭാ ഇലക്ഷനില്‍ മത്സരിക്കുമെന്നും വ്യക്തമാക്കി. ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി ദേശീയ തലത്തില്‍ ഒരു മൂന്നാം മുന്നണിയാണ് ലക്ഷ്യമെന്നും ഇതിനായി തിരക്കിട്ട നീക്കങ്ങളിലാണെന്നും ദേവഗൗഡ അഭിമുഖത്തില്‍ വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here