ഈഗിള്‍ടണില്‍ നിന്ന് പൊലീസിനെ പിന്‍വലിച്ചു

ബംഗളൂരു : കോണ്‍ഗ്രസ് എംഎല്‍എമാരുള്ള ഈഗിള്‍ടണ്‍ റിസോര്‍ട്ടിനുള്ള പൊലീസ് സംരക്ഷണം പിന്‍വലിച്ചു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തയുടന്‍ യെദ്യൂരപ്പയുടേതാണ് നടപടി. കൂടാതെ അമര്‍ കുമാര്‍ പാണ്ഡേ, സന്ദീപ് പാട്ടീല്‍, ദേവരാജ, എസ് ഗിരീഷ് എന്നീ ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു.

പൊലീസ് സംരക്ഷണം നഷ്ടമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ കേരളത്തിലേക്കോ പാര്‍ട്ടി ഭരണത്തിലുള്ള പഞ്ചാബിലേക്കോ മാറ്റിയേക്കുമെന്നാണ് സൂചന. പിന്‍തുണയ്ക്കുന്ന എംഎല്‍എമാരുടെ പട്ടിക യെദ്യൂരപ്പയ്ക്ക് നാളെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

ഈ സാഹചര്യത്തില്‍ ബിജെപി കുതിരക്കച്ചവടം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതേതുടര്‍ന്നാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റുന്നത്. കേരളത്തിലാകുമ്പോള്‍ വിശ്വാസവോട്ടെടുപ്പിനോട് അനുബന്ധിച്ച് അംഗങ്ങളെ എളുപ്പം എത്തിക്കാനാകുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

കൂടാതെ സിപിഎം ഭരണത്തിലുള്ള സംസ്ഥാനത്ത് എംഎല്‍എമാര്‍ക്ക് പൂര്‍ണ സുരക്ഷിതത്വം ലഭിക്കും. ഇവിടെ നിന്ന് ബിജെപിക്ക് കോണ്‍ഗ്രസ് എംഎല്‍എമാരെ കടത്തിക്കൊണ്ടുപോകാനാകില്ലെന്നുമുള്ള വിലയിരുത്തലിലുമാണ് പാര്‍ട്ടി.

അതേസമയം കോണ്‍ഗ്രസ് ഭരണത്തിലുള്ള പഞ്ചാബും പരിഗണനയിലുണ്ട്. ബിജെപിക്ക് ഒരു തരത്തിലുള്ള ഇടപെടലിനും ഇവിടെ അവസരം ലഭിക്കില്ലെന്ന വിശ്വാസമാണ് പഞ്ചാബും പരിഗണിക്കാന്‍ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here