കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വിലക്ക്

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഗള്‍ഫില്‍ വിലക്ക്. സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ സ്ഥിരീകരിക്കുകയും 14 പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരളത്തില്‍ നിന്നും കയറ്റുമതി വേണ്ടെന്നാണ് ഉത്തരവ്.

യുഎഇയും ബഹ്‌റിനുമാണ് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. അതേസമയം ഈ വിലക്ക് ലക്ഷക്കണക്കിന് രൂപയുടെ കനത്ത നഷ്ടമുണ്ടാക്കുമെന്നും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും കയറ്റുമതി വ്യാപാരികള്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പാണ് കേരളത്തിലെ കയറ്റുമതി വ്യാപാരികള്‍ക്ക് ലഭിച്ചിരിക്കുന്നത്.

ആദ്യം ബഹ്‌റിനും പിന്നീട് യുഎഇയുമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സാധാരണ ദിവസങ്ങളില്‍ 130 മുതല്‍ 150ടണ്‍ പച്ചക്കറിയാണ് കൊച്ചിയില്‍ നിന്ന് കയറ്റിപ്പോകുന്നത്. ഇതേ രീതിയില്‍ തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നും കയറ്റുമതി നടക്കുന്നുണ്ട്. ശീതീകരിച്ച കാര്‍ഗോ വിമാനങ്ങളില്‍ കേരളത്തില്‍ നിന്ന് കൊണ്ടുപോകുന്ന പച്ചക്കറികള്‍ക്ക് വന്‍ ഡിമാന്റാണ്.

കേരള ഓര്‍ഗാനിക് എന്ന പേരിലാണ് പച്ചക്കറികള്‍ കയറ്റുമതി ചെയ്യുന്നത്. കാര്‍ഷിക ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ പരിശോധനകള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നേടിയാണ് ഓര്‍ഗാനിക് പച്ചക്കറികള്‍ കുവൈത്ത്, ഖത്തര്‍, യു.എ.ഇ. സൗദി, ഒമാന്‍, ബഹ്‌റിന്‍ തുടങ്ങിയ രാജ്യങ്ങളിലെത്തുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിപ്പാ വൈറസ് ബാധ സ്ഥിരീകരിക്കുകയും 14 പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയ ഗള്‍ഫ് നടപടി. വവ്വാല്‍ കടിച്ച പഴവര്‍ഗങ്ങള്‍ കഴിച്ചത് മൂലമാണ് നിപ്പ പകര്‍ന്നതെന്ന പ്രചാരണങ്ങളാണ് കേരളത്തിന് തിരിച്ചടിയായത്.

LEAVE A REPLY

Please enter your comment!
Please enter your name here