പുരുഷ ലൈംഗികത്തൊഴിലാളി പിടിയില്‍

തിരുവനന്തപുരം : ലിത്വേനിയന്‍ വനിത ലിഗയുടെ ദുരൂഹമരണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. വിദേശ വനിതയുടേത് കൊലപാതകമാണെന്ന് പൊലീസ് പറയുന്നു. മാനംഭംഗ ശ്രമത്തിനിടെയുള്ള കൊലപാതകമായിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

കോവളം സ്വദേശിയായ പുരുഷ ലൈംഗികത്തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ ലിഗയ്ക്ക് ലഹരി കലര്‍ന്ന സിഗരറ്റ് നല്‍കി മയക്കി കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് സൂചന.

ഇവിടെ വെച്ച് ഇയാള്‍ ലിഗയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ചെറുത്തുനില്‍പ്പിനിടെ മരണം സംഭവിച്ചതാണെന്നുമാണ് പൊലീസ് കരുതുന്നത്. കോട്ടയത്തുനിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ തിരുവല്ലം, കോവളം സ്‌റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്.

മറ്റ് മൂന്ന് പേര്‍ കൂടി കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. അതേസമയം ലിഗ കണ്ടല്‍ക്കാട്ടിലെത്തിയെന്ന് കരുതുന്ന തോണി കണ്ടെത്തി. ഇതില്‍ നിന്ന് വിരലടയാള വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരി സംഘങ്ങളുടെ താവളമായിരുന്നു.

ചൂണ്ടയിടാനെന്ന വ്യാജേനയാണ് ലഹരി ഉപയോഗിക്കുന്നവരും വില്‍ക്കുന്നവരും ഇവിടെ തമ്പടിക്കാറ്. ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന്റെ തലേന്നും ചിലര്‍ കണ്ടല്‍ക്കാടിന്റെ പരിസരത്തുണ്ടായിരുന്നുവെന്ന് സ്ഥലവാസികള്‍ മൊഴി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here