ഇസ്ലാമാബാദ്: പാകിസ്ഥാന് മുന്‍ ക്രിക്കറ്റ് താരവും തെഹ്രിക് ഇ ഇന്‍സാഫ് അദ്ധ്യക്ഷനുമായ ഇമ്രാന് ഖാന് വിവാഹ മോചനത്തിന്റെ വക്കിലെന്ന് സൂചന. മൂന്നാം ഭാര്യയായ ബുഷ്റ മനേക ഇമ്രാനെ ഉപേക്ഷിച്ചെന്ന് പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് കാര്യങ്ങളാണ് ഇത്തരം ഊഹാപോഹങ്ങള്‍ക്ക് അടിസ്ഥാനം.
ഇമ്രാന്റെ ആത്മീയഗുരുവും ഭാര്യയുമായ ബുഷ്റ മനേകയെ ദിവസങ്ങളായി വീട്ടില്‍ കാണാത്തതാണ് ഒന്ന്. ഇസ്ലാമാബാദിലെ വീട്ടില്‍ ബുഷ്റയെ കാണാതായിട്ട് ഒരുമാസത്തിലധികമായെന്ന് വിവിധ പാകിസ്ഥാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റൊന്ന് ഇമ്രാന്റെ വളര്‍ത്തുനായ്ക്കള്‍ വീട്ടിലേക്ക് മടങ്ങിയെത്തിയത്.
ഇമ്രാന്‍ഖാന്റെ മൂന്നാം വിവാഹത്തോടെ വളര്‍ത്തുനായ്ക്കളെ വീട്ടില്‍ നിന്ന് മാറ്റിയിരുന്നു. ബുഷ്റയ്ക്ക് മതാചാരങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും ആത്മീയകാര്യങ്ങളില്‍ മുഴുകുന്നതിനും നായ്ക്കള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന കാരണത്താലായിരുന്നു ഇവയെ മാറ്റിപ്പാര്‍പ്പിച്ചിരുന്നത്.
ഇമ്രാന്റെ വീട്ടില്‍ ബുഷ്റയുടെ ആദ്യ വിവാഹത്തിലുള്ള മകന് താമസിച്ചിരുന്നതും ഇരുവരും തമ്മില്‍ അകലാന്‍ കാരണമെന്നാണ് മറ്റൊരു മാധ്യമം ചൂണ്ടിക്കാട്ടുന്നത്. ഇമ്രാന്റെ സഹോദരിമാരുമായുള്ള ബുഷ്റയുടെ സ്വരചേര്‍ച്ചയില്ലായ്മയും പ്രശ്ന സാധ്യതയായി ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇമ്രാന് ബുഷ്റയെ വിവാഹം ചെയ്തത്. 1995 -ലായിരുന്നു ഇമ്രാന് ഖാന്റെ ആദ്യവിവാഹം. ബ്രിട്ടീഷുകാരിയും പത്രപ്രവര്‍ത്തകയുമായ ജെമിമ ഗോള്‍ഡ്സ്മിത്തായിരുന്നു വധു. 2004 ല്‍ ഇരുവരും പിരിഞ്ഞു. ഈ ബന്ധത്തില്‍ രണ്ട് ആണ് മക്കളാണ് ഇമ്രാനുള്ളത്.
2015ല്‍ ടിവി അവതാരകയായ രേഹം ഖാനെ ഇമ്രാന് വിവാഹം കഴിച്ചു. 10 മാസം മാത്രം നീണ്ടു നിന്ന ആ ബന്ധത്തിന് ശേഷമായിരുന്നു 40 കാരിയായ ബുഷ്റ മനേകയെ 65കാരനായ ഇമ്രാന് ജീവിത സഖിയാക്കിയത്.