മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചിലവഴിച്ചത് 4343.26 കോടി

ന്യൂഡല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വിവിധ മാധ്യമങ്ങള്‍ വഴി പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 4,343.26 കോടി രൂപ. മുംബൈയിലെ വിവരാവകാശ പ്രവര്‍ത്തകനായ അനില്‍ ഗാല്‍ഗലി വിവരാവകാശ നിയമപ്രകാരം പുറത്തുകൊണ്ടുവന്ന കണക്കാണിത്.

കേന്ദ്ര സര്‍ക്കാരിന്റെ ബ്യൂറോ ഓഫ് ഔട്ട്‌റീച്ച് ആന്‍ഡ് കമ്മ്യൂണിക്കേഷന്റെ സാമ്പത്തിക ഉപദേഷ്ടാവ് തപന്‍ സ്തുരധാര്‍ ആണ് വിവരങ്ങള്‍ നല്‍കിയത്. ജൂണ്‍ 2014 മുതല്‍ മാര്‍ച്ച് 2015 വരെ അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കായി 424.85 കോടി രൂപയും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ക്കായി 448.97 കോടി രൂപയും ഔട്ട് ഡോര്‍ പ്രചാരങ്ങള്‍ക്കായി 79.72 കോടി രൂപയും ചെലവഴിച്ചു. ഇക്കാലയളവില്‍ മൊത്തം 953.54 കോടി രൂപയാണ് സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചിലഴിച്ചത്.

2015-2016 കാലയളവില്‍ പരസ്യങ്ങള്‍ക്കായി ചിലവഴിക്കുന്ന തുക സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. അച്ചടി മാധ്യമങ്ങളില്‍ 510.69 കോടി രൂപക്കും ഇലക്ട്രോണിക് മാധ്യമങ്ങളില്‍ 541.99 കോടി രൂപയ്ക്കും പരസ്യം നല്‍കിയപ്പോള്‍ ഔട്ട്‌ഡോര്‍ പബ്ലിസിറ്റിക്കായി 118.43 കോടി രൂപയാണ് ചിലവഴിച്ചത്. മൊത്തം 1171.11 കോടി രൂപയാണ് ഇക്കാലയളവില്‍ പരസ്യങ്ങള്‍ക്കായി മൊത്തം ചിലവഴിച്ചത്.

2016-17ല്‍ അച്ചടി മാധ്യമങ്ങള്‍ക്ക് നല്‍കിയ തുക 463.38 കോടിയായി കുറഞ്ഞു. എന്നാല്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കുള്ള തുക 613.78 കോടിയായി വര്‍ധിച്ചു. 185.99 കോടി രൂപ ആ വര്‍ഷം ഔട്ട് ഡോര്‍ പ്രചാരണങ്ങള്‍ക്കായി ചെവവായി. 1,263.15 കോടി രൂപയാണ് ആ വര്‍ഷം ചെലവായത്.

2017- 18ല്‍ ഇലക്ട്രോണിക് പരസ്യങ്ങള്‍ക്കുള്ള തുക 475.13 ആയും ഔട്ട് ഡോര്‍ പ്രചാരണങ്ങള്‍ക്കായുള്ള തുക 147.10 കോടിയായും കുറഞ്ഞു. എന്നാല്‍ ആ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ അച്ചടി മാധ്യമങ്ങള്‍ക്ക് നല്‍കിയത് 333.23 കോടി രൂപയാണ്.

ആ സാമ്പത്തിക വര്‍ഷം ആകെ 955.46 കോടി രൂപയാണ് പരസ്യത്തിനായി ചെലവായത്. ക്രമാതീതമായ അളവിലാണ് മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി തുക ചിലവഴിച്ചിരിക്കുന്നതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ ചൂണ്ടിക്കാട്ടി അനില്‍ ഗാല്‍ഗലി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here