യുപിയിലും ബിഹാറിലും വാടിത്തളര്‍ന്ന് താമര

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും ബിജെപി തോല്‍വിയിലേക്ക്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ തട്ടകമായിരുന്ന ഫുല്‍പൂരിലും ബിജെപിയെ സമാജ്‌വാദി പാര്‍ട്ടി ബഹുദൂരം പിന്നിലാക്കി.

വോട്ടെണ്ണല്‍ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെ രണ്ടിടത്തും എസ്പി സ്ഥാനാര്‍ത്ഥികള്‍ കൂറ്റന്‍ ലീഡുമായി കുതിപ്പ് തുടരുകയാണ്. യോഗി ആദിത്യനാഥും, കേശവ് പ്രസാദ് മൗര്യയും രാജിവെച്ചതിനെ തുടര്‍ന്നാണ് ഇരുമണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ഗോരഖ്പൂരില്‍ എസ്പി സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ നിഷാദ് 28,000 വോട്ടിന്റെ ലീഡ് നേടിക്കഴിഞ്ഞു. ബിജെപിയുടെ ഉപേന്ദ്ര ശുക്ല ഇവിടെ രണ്ടാമതാണ്. ഫുല്‍പൂരില്‍ എസ്പിയുടെ നാഗേന്ദ്രസിങ് പട്ടേല്‍ 47,000 വോട്ടുകള്‍ക്കും മുന്നിലാണ്.

ബിജെപിയുടെ കൗശലേന്ദ്ര സിങ് പട്ടേല്‍ ഇവിടെ വിയര്‍ക്കുകയാണ്. കഴിഞ്ഞ 5 തവണ യോഗി ആദിത്യനാഥ് തുടര്‍ച്ചയായി ജയിച്ചുവന്ന ഗോരഖ്പൂരില്‍ ബിജെപിക്ക് കനത്ത പ്രഹരമാണേറ്റത്. ബിജെപിയെ തകര്‍ക്കാന്‍ 25 വര്‍ഷത്തെ ശത്രുത മറന്ന് അഖിലേഷ് യാദവും ബിഎസ്പി നേതാവ് മായാവതിയും ഒന്നിക്കുകയായിരുന്നു.

രണ്ടിടത്തും കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളുണ്ടെങ്കിലും നാമമാത്രമായ വോട്ടാണ് ലഭിച്ചത്. ബിഹാറില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അരരിയയിലും ബിജെപി സ്ഥാനാര്‍ത്ഥി പിന്നിലാണ്.

ഇവിടെ ആര്‍ജെഡി സ്ഥാനാര്‍ത്ഥി സര്‍ഫറാസ് ആലം 25,000 ത്തില്‍ അധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. ആര്‍ജെഡിയുടെ സിറ്റിങ് സീറ്റാണിത്. പാര്‍ട്ടി എംപിയുടെ മരണത്തെതുടര്‍ന്നാണ് തെരഞ്ഞെടുപ്പ് അനിവാര്യമായി വന്നത്.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here