മന്ത്രിയും ഭാര്യയും കൊല്ലപ്പെട്ട നിലയില്‍

കറാച്ചി : പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മന്ത്രി മിര്‍ ഹസര്‍ഖാന്‍ ബിജറാനിയും ഭാര്യയും കൊല്ലപ്പെട്ട നിലയില്‍. വീട്ടിലെ കിടപ്പുമുറിക്കരികിലെ പഠന മുറിയിലാണ് ഇവരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുറി പൂട്ടിയ നിലയിലായിരുന്നു. ഇരുവരുടെയും ശരീരത്തില്‍ ഓരോ വെടിയുണ്ട വീതമാണ് തറച്ചുകയറിയത്. 4 വെടിയുണ്ടകള്‍ മുറിയില്‍ ചിതറിക്കിടക്കുന്ന രീതിയില്‍ കണ്ടെത്തിയിട്ടുണ്ട്. തോക്കും കണ്ടെടുത്തിട്ടുണ്ട്.

സിന്ധ് പ്രവിശ്യയുടെ പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗത്തിന്റെ മന്ത്രിയാണ് ഹസര്‍ഖാന്‍. ഭാര്യ ഫാരിഹ റസാഖ് മാധ്യമപ്രവര്‍ത്തകയായിരുന്നു. ആത്മഹത്യയാണോ കൊലപാതകമാണോയെന്ന കാര്യം വ്യക്തമായിട്ടില്ല.

ഫൊറന്‍സിക് സംഘവും, ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്ത് പരിശോധന നടത്തി. ഹസര്‍ഖാന്റെ മൃതദേഹം കട്ടിലിലും ഭാര്യയുടേത് നിലത്തുമാണ് കാണപ്പെട്ടത്.

മന്ത്രിയുടെ പാചകക്കാരനെയും രണ്ട് ഗാര്‍ഡുമാരെയും ഡ്രൈവറെയും അയാളുടെ ഭാര്യയെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here