ഇന്ത്യ ഉടമ്പടി ലംഘിച്ചെന്ന് ആരോപണം

ഗോവ : ഗോവയിലെത്തിയ ദുബായ് രാജകുമാരി ഷെയ്ഖ ലത്തീഫയെ ഇന്ത്യ പിടികൂടി തിരിച്ചയച്ചത് അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാണെന്ന് ആരോപണം. യുഎഇ ആസ്ഥാനമായ സന്നദ്ധ സംഘടനയായ ‘ഡീറ്റെയ്ന്‍ഡ് ഇന്‍ ദുബായ്’ ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

യുഎഇയില്‍ അനീതിക്ക് ഇരയാകുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നുവെന്ന് അവകാശപ്പെടുന്ന സംഘടനയാണിത്. ഗോവന്‍ തീരത്തുവെച്ച് നിയമവിരുദ്ധമായി കപ്പല്‍ പിടിച്ചെടുത്ത് അതിലുണ്ടായിരുന്ന ഷെയ്ഖ ലത്തീഫയെ പിടികൂടി സ്വദേശത്തേക്ക് തിരിച്ചയച്ചതില്‍ ഇന്ത്യ അന്താരാഷ്ട്ര ഉടമ്പടികള്‍ ലംഘിച്ചെന്ന് സംഘടന പറയുന്നു.

യുഎഇയ്ക്ക് വേണ്ടി ഇന്ത്യ അന്താരാഷ്ട്ര ധാരണകള്‍ തെറ്റിക്കുകയായിരുന്നുവെന്നാണ് ആരോപണം. യുഎഇയിലെ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടുവന്ന യുവതിയെ അനധികൃതമായി പിടികൂടി അവിടേയ്ക്കുതന്നെ തിരിച്ചയ്ക്കുകയായിരുന്നു ഇന്ത്യന്‍ സേനയെന്ന് സംഘടന കുറ്റപ്പെടുത്തി.

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റ മകളാണ് ഷെയ്ഖ ലത്തീഫ. എന്നാല്‍ ദുബായിലേക്ക് തിരിച്ചയതിന് ശേഷം ഇവരെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും പുറത്തുവന്നിട്ടില്ലെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

പീഡനങ്ങളെ തുടര്‍ന്നാണ് താന്‍ യുഎഇയില്‍ നിന്ന് രക്ഷപ്പെട്ട് ഗോവയിലെത്തിയതെന്ന് സെല്‍ഫി വീഡിയോയിലൂടെ 33 കാരി വെളിപ്പെടുത്തിയിരുന്നു. തനിക്ക് വധഭീഷണിയുണ്ടെന്നും ജീവിതത്തിലെ അവസാന വീഡിയോ ആയിരിക്കാം ഇതെന്നും പരാമര്‍ശിച്ചുകൊണ്ടാണ് ഇത് തയ്യാറാക്കിയത്.

ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് 6 ഭാര്യമാരിലായുള്ള 30 മക്കളില്‍ ഒരാളാണ് താനെന്ന് യുവതി പരാമര്‍ശിക്കുന്നുണ്ട്. യുഎഇയില്‍ മൂന്ന് വര്‍ഷമായി തന്നെ തടവിലിട്ടിരിക്കുകയായിരുന്നു.

തനിക്ക് യാതൊരു സ്വാതന്ത്ര്യവുമുണ്ടായിരുന്നില്ലെന്നും ദുബായില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് തടവിലാക്കിയതെന്നും യുവതി പറഞ്ഞിരുന്നു. ഡോക്ടര്‍മാര്‍ മയക്കുമരുന്ന് കുത്തിവെയ്ക്കാറുണ്ടായിരുന്നു.

പുറത്തിറങ്ങിയപ്പോള്‍, തന്റെ ചലനങ്ങളെല്ലാം നിരീക്ഷിക്കാന്‍ ആളുകളെയും ഏര്‍പ്പാടാക്കി. ഒരിക്കലുംപാസ്‌പോര്‍ട്ട് കൈവശം വെയ്ക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും ലത്തീഫ വെളിപ്പെടുത്തിയിരുന്നു. ഇത്തരം പീഡനങ്ങളെ തുടര്‍ന്നാണ് യുഎഇയില്‍ നിന്ന് രക്ഷപ്പെട്ടത്.

അമേരിക്കന്‍ സുഹൃത്തായ ഹാര്‍വെ ജൂബര്‍ട്ടിനൊപ്പം താന്‍ ഇന്ത്യന്‍ തീരത്ത് ഒരു നൗകയിലാണെന്നും ഒരു സംഘം തോക്കുധാരികളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണെന്നും യുവതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വീഡിയോ വാട്‌സ് ആപ്പിലൂടെ പുറത്തുവിട്ട ശേഷം യുവതിയെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല.

എന്നാല്‍ മാര്‍ച്ച് 4 ന് ദുബായ് രാജകുമാരി ഷെയ്ഖ ലത്തീഫയെ ഇന്ത്യന്‍ പൊലീസിന്റെ സഹായത്താല്‍ യുഎഇയില്‍ തിരിച്ചെത്തിച്ചതായി സുഹൃത്തായ ഫ്രാന്‍സ് സ്വദേശി ഹെര്‍വേ ജോബേര്‍ട്ട് വെളിപ്പെടുത്തി. പക്ഷേ അതിനുശേഷം യുവതിയെക്കുറിച്ച് യാതൊരു വിവരവുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here