25 വര്‍ഷത്തെ പ്രവാസ ജീവിതം

സൗദി അറേബ്യ : കഴിഞ്ഞ 25 വര്‍ഷമായി ഒറ്റത്തവണ പോലും നാട്ടില്‍ പോകുവാനാകാതെ മണലാരണ്യത്തില്‍ തന്റെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട വ്യക്തിയുടെ കഥ മനുഷ്യസ്‌നേഹികളുടെ കരളലിയിക്കും.

തന്റെ 42 ാം വയസ്സിലാണ് നാല് പെണ്‍മക്കളേയും ഭാര്യയേയും വിട്ട് മെഹബൂബ് സാബ് എന്ന് വ്യക്തി സൗദി അറേബ്യയിലേക്ക് വണ്ടി കയറുന്നത്. 1992 ലായിരുന്നു ബംഗലൂരു സ്വദേശിയായ മെഹബൂബ് സാബിന്റെ പ്രവാസ ജീവിതം ആരംഭിക്കുന്നത്. അന്ന് തൊട്ട് കഴിഞ്ഞ 25 വര്‍ഷമായി മെഹബൂബ് മണലാരണ്യത്തില്‍ തന്റെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നു.

തുന്നല്‍ ജോലിയാണ് ആദ്യം ചെയ്തിരുന്നത്. പിന്നീട് കെട്ടിട നിര്‍മ്മാണ തൊഴിലാളിയായി. പെണ്‍മക്കളെ കെട്ടിച്ചയക്കനുള്ള സ്ത്രീധന തുക ഉണ്ടാക്കുവാന്‍ വേണ്ടിയായിരുന്നു മെഹബൂബിന്റെ കഷ്ടപ്പാടുകള്‍ മുഴുവന്‍.

രണ്ട് പെണ്‍മക്കളെ ഇതിനോടകം വിവാഹം കഴിപ്പിച്ചയച്ചു. ഇനി രണ്ട് പെണ്‍മക്കളെ കൂടി വിവാഹം കഴിപ്പിച്ചയക്കണം. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ മെഹബൂബിന് ആശങ്കകളില്ല.

ഏറ്റവും ഇളയ കുട്ടിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് മെഹബൂബ് സൗദിയിലേക്ക് വിമാനം കയറുന്നത്. ഇന്നിപ്പോള്‍ ഇളയവള്‍ക്ക് 28 വയസ്സായി. കഴിഞ്ഞ 25 വര്‍ഷമായി ബാപ്പയുടെ ശബ്ദം മാത്രമേ ഇവര്‍ കേട്ടിട്ടുള്ളു.

എന്നാലും കുട്ടികളെ നല്ലവണ്ണം പഠിപ്പിച്ചു. ഇളയ രണ്ട് പെണ്‍മക്കള്‍ക്കും ബംഗലൂരുവില്‍ സ്വകാര്യ കമ്പനികളില്‍ നല്ല ജോലിയുണ്ട്. അതുകൊണ്ട് തന്നെ തങ്ങളുടെ വിവാഹത്തിന്റെ പണച്ചിലവിനെ കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടണ്ടെന്നും പെട്ടെന്ന് തിരിച്ച് വരാനും മക്കള്‍ നിരന്തരമായി നിര്‍ബന്ധം പിടിക്കുന്നു.

സ്ത്രീധനത്തേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് ആദ്യം നല്‍കേണ്ടത് വിദ്യാഭ്യാസമാണെന്ന് മെഹബൂബ് പറയുന്നു. സന്‍മനസ്സുകളുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങാനുള്ള നീക്കങ്ങളിലാണ് മെഹബൂബ് ഇപ്പോള്‍.

 

 

LEAVE A REPLY

Please enter your comment!
Please enter your name here