വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിച്ച അധ്യാപിക

യുഎസ് :ഫ്‌ളോറിഡയിലെ സ്‌കൂളില്‍ നടന്ന വെടിവെയ്പ്പിലെ മരണസംഖ്യ ഉയരാതിരിക്കാന്‍ കാരണമായത് ഇന്ത്യന്‍ സ്വദേശിനിയായ ഒരു ടീച്ചറുടെ സന്ദര്‍ഭോചിത പ്രവര്‍ത്തനങ്ങള്‍. ഇന്ത്യന്‍ സ്വദേശിനിയായ ശാന്തി വിശ്വനാഥന്‍ എന്ന ഗണിതശാസ്ത്ര അധ്യാപികയാണ് ധീരമായ മനസാന്നിദ്ധ്യത്തോട് കൂടി നൂറുകണക്കിന്  വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിച്ചത്.

ഫെബ്രുവരി 14 ാം തീയതിയാണ് ഉച്ചയ്ക്ക് രണ്ടരയോട് കൂടി സ്‌കൂള്‍ കോമ്പൗണ്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയ ഒരു പൂര്‍വ വിദ്യാര്‍ത്ഥി 15 വിദ്യാര്‍ത്ഥികളെയും രണ്ട് അധ്യാപകരേയുമടക്കം 17 പേരെ വെടിവെച്ച് കൊന്നത്.തോക്കുമായി സ്‌കൂളിനകത്തെത്തിയ യുവാവ് മുന്നില്‍ കണ്ടവരെയെല്ലാം വെടിവെച്ചിടുകയായിരുന്നു. ഈ സമയം ക്ലാസിനുള്ളില്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു ശാന്തി വിശ്വനാഥ്.

വെടിയൊച്ചകള്‍ കേള്‍ക്കാന്‍ തുടങ്ങിയതോടെ യുവതി ആദ്യം ഒന്ന് പതറിയെങ്കിലും പതുക്കെ മനസാന്നിദ്ധ്യം വീണ്ടെടുത്തു. കുട്ടികളോട് തറയില്‍ കിടക്കുവാന്‍ പറഞ്ഞതിന് ശേഷം ക്ലാസ് മുറിക്കുള്ളിലെ ജനലും വാതിലും സാഹസികമായി അടച്ചു. പുറത്ത് കനത്ത വെടിവെപ്പ് നടക്കുന്നതിനിടയിലായിരുന്നു ടീച്ചറുടെ ഈ പ്രവൃത്തി.

ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടപ്പോഴും ടീച്ചര്‍ ചെവികൊണ്ടില്ല. അക്രമിയുടെ തന്ത്രമായിരിക്കാം ഇതെന്ന് തെറ്റിദ്ധരിച്ചായിരുന്നു ടീച്ചര്‍ വാതില്‍ തുറക്കാതിരുന്നത്. അവസാനം വാതില്‍ ചവിട്ടി പൊളിച്ചാണ് കുട്ടികളെയും ടീച്ചറേയും സംഭവ സ്ഥലത്ത് നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മാറ്റിയത്.സംഭവത്തിന് ശേഷം സ്‌കൂളില്‍ നിന്നും ഓടിമറഞ്ഞ അക്രമിയെ അരമണിക്കൂറിനുള്ളില്‍ പൊലീസ് കീഴ്‌പ്പെടുത്തി. അക്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

ഈ പ്രവൃത്തിയോട് കൂടി അമേരിക്കയിലെങ്ങും താരമായി മാറിയിരിക്കുകയാണ് ശാന്തി വിശ്വനാഥന്‍. കുട്ടികളെ നിറയൊഴിക്കാന്‍ ഒരുങ്ങിയ അക്രമിക്ക് മുന്‍പില്‍ എടുത്ത് ചാടി മരണം വരിച്ച സ്‌കൂളിലെ ഫുട്‌ബോള്‍ കോച്ചും സ്വന്തം ജീവന്‍ പോലും വകവെയ്ക്കാതെ മറ്റു കുട്ടികള്‍ക്കായി കവാടത്തിലെ വാതില്‍ തുറന്ന് പിടിച്ച പീറ്റര്‍ വാങ് എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ഫോളോറിഡ വെടിവെയ്പ്പിലെ നീറുന്ന ഓര്‍മ്മകളായി മാറി.

LEAVE A REPLY

Please enter your comment!
Please enter your name here