ലോകത്തിലെ ഏറ്റവും വില കൂടിയ മദ്യം കഴിച്ച യുവതി

ലണ്ടന്‍ :ലോകത്തെ ഏറ്റവും വില കൂടിയ മദ്യം കഴിച്ചതിന്റെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇനി ഒരു ഇന്ത്യന്‍ യുവതിക്ക്. നോയിഡയിലെ ട്രിനിറ്റി നാച്ച്യുറല്‍ ഗ്യാസ് എന്ന സ്വകാര്യ കമ്പനിയുടെ ഉടമ രഞ്ജീത ദത്ത് മെക്ഗ്ര്വാര്‍ട്ടിയാണ് ഏറ്റവും വില കൂടിയ ഒരു ഷോട്ട് മദ്യം കഴിച്ച് ഗിന്നസ് വേള്‍ഡ് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയത്.

റൊമെ ഡി ബെല്ലേഗാര്‍ഡെ എന്ന കോഗ്നാക്കി(ഒരു തരം ബ്രാണ്ടി)ന്റെ 40 മില്ലിയുടെ ഒരു ഷോട്ട് ആണ് യുവതി സ്വന്തമാക്കിയത്. ലണ്ടനില്‍ നടന്ന ലേലത്തില്‍ 10,014 പൗണ്ട് അഥവാ 9.20 ലക്ഷം ഇന്ത്യന്‍ രൂപ നല്‍കിയാണ് രഞ്ജീത ഈ നേട്ടം സ്വന്തമാക്കിയത്.

ഫ്രാന്‍സില്‍ നിര്‍മ്മിക്കുന്ന ഒരു തരം ബ്രാണ്ടിയാണ് കോഗ്നാക്ക്. ഫ്രാന്‍സിലെ കോഗ്നാക്ക് എന്ന പ്രദേശത്തില്‍ നിന്നാണ് മദ്യത്തിനും ഈ പേര് വീണത്. നല്ല മൂന്തിയ ഇനം മുന്തിരി അടക്കം കോഗ്നാക്ക് നിര്‍മ്മിക്കാനുള്ള എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്ന നിബന്ധന ഈ മേഖലയില്‍ കര്‍ശനമാണ്.

നിര്‍മ്മിച്ചതിന്  ശേഷം  ഇവ  വീടുകള്‍ക്കുള്ളില്‍  ഓക്ക് വീപ്പയ്ക്കുള്ളിലാക്കി നിലവറയില്‍ വര്‍ഷങ്ങളോളം സൂക്ഷിച്ച് വെക്കും. നാലും അഞ്ചും തലമുറകള്‍ക്ക് ശേഷമാണ് പലപ്പോഴും ഇവ കണ്ടെത്തുന്നത്. 2004 ലാണ് ഒരു നിറവറയ്ക്കുള്ളില്‍ വെച്ച് റൊമെ ഡി ബെല്ലേഗാര്‍ഡെയെ കണ്ടുപിടിക്കുന്നത്.

120 വര്‍ഷത്തെ പഴക്കമുള്ള കോഗ്നാക്കാണ് ഇതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അപൂര്‍വമായി മാത്രം കണ്ടെത്തുന്നത് കൊണ്ട് തന്നെ കൊഗ്നാക്കിന്റെ ഒരു ഗ്ലാസിന് ലക്ഷങ്ങളുടെ വിലയാണ്. ഇതിന് മുന്‍പ് വില കൂടിയ കൊഗ്നാക്ക് കഴിച്ചതിന്റെ റെക്കോര്‍ഡ് ഒരു ഹോങ്കോങ് സ്വദേശിയുടെ പേരിലായിരുന്നു. 6 ലക്ഷത്തി അന്‍പതിനായിരം രൂപയാണ് അന്ന് ഇദ്ദേഹം ഇതിന് വേണ്ടി ചിലവഴിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here