ദുബായില്‍ അപകടത്തില്‍പ്പെട്ട യുവതി മരിച്ചു

ദുബായ് : വാഹനാപകടത്തില്‍പ്പെട്ട യുവതി നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തില്‍ വെച്ച് മരണമടഞ്ഞു. 38 വയസ്സുകാരിയായ നീതു ജെയിന്‍ കാവദാണ് എയര്‍ ആംബുലന്‍സില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ മരണമടഞ്ഞത്.

കഴിഞ്ഞ ജനുവരി 22 നാണ് ദുബായിലെ അല്‍ അവീറയില്‍ വെച്ച് നീതുവും ഭര്‍ത്താവ് ദിനേശും സഞ്ചരിച്ച മിനി ബസും എതിരെ വന്ന ഒരു ട്രക്കും കൂട്ടിയിടിക്കുന്നത്. 40 വയസ്സുകാരനായ ദിനേഷ് ഇടിയുടെ ആഘാതത്തില്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു.

രാജസ്ഥാന്‍ സ്വദേശികളായ ഇവര്‍ ദീര്‍ഘ നാളായി ബംഗലൂരൂവിലെ ബെല്ലാരിയില്‍ വസ്ത്ര വ്യാപാര സ്ഥാപനം നടത്തി വരികയായിരുന്നു. അപകടം നടക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സന്ദര്‍ശന വിസയില്‍ നഗരം ചുറ്റിക്കാണാന്‍ ദമ്പതികള്‍ ദുബായിലെത്തിയത്.

അപകടത്തിന് ശേഷം രണ്ട് ആഴ്ചയോളം നീതു തീവ്ര പരിചരണ വിഭാഗത്തില്‍ ഭര്‍ത്താവ് മരിച്ചതറിയാതെ അബോധാവസ്ഥയിലായിരുന്നു. അരോഗ്യ നില ചെറുതായി ഒന്ന് മെച്ചപ്പെട്ട് വന്നതിനെ തുടര്‍ന്നാണ് ബന്ധുക്കളുടെ ആവശ്യപ്രകാരം യുവതിയെ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.

ഈ യാത്രയ്ക്കിടയിലാണ് എയര്‍ ആംബുലന്‍സില്‍ വെച്ച് യുവതി മരണപ്പെട്ടത്. ദമ്പതികള്‍ക്ക് 11 വയസ്സുള്ള ഒരു മകനും 9 വയസ്സുള്ള ഒരു മകളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here