ഇത് രാഹുല്‍ ദ്രാവിഡിന്റെ പ്രതികാരം

മൗണ്ട് മൗഗ്നൂയി : 2003 ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍. വേദി ജോഹനാസ്‌ബെര്‍ഗിലെ വാണ്ടറേര്‍സ് സ്‌റ്റേഡിയം.സൗരവ് ഗാംഗുലിയുടെ നായകത്വത്തില്‍ ടീം ഇന്ത്യ പോര്‍ക്കളത്തില്‍. അപ്പുറത്ത് റിക്കി പോണ്ടിങ്ങിന്റെ കരുത്തുറ്റ ഓസിസ് പട.

കായിക ഭാരതം ആവേശത്തോടെയും പ്രാര്‍ത്ഥനകളോടെയും വീക്ഷിച്ച,ചിര വൈരികളുടെ പോരാട്ടം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 2 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 359 റണ്‍സ്.

റിക്കി പോണ്ടിങ് 140 റണ്‍സെടുത്ത് ഓസീസ് സ്‌കോറിന്റെ നെടുംതൂണായി. ഡാമിയന്‍ മാര്‍ട്ടിന്‍ 88 ഉം ഗില്‍ക്രിസ്റ്റ് 57 ഉം ഹെയ്ഡന്‍ 37 ഉം റണ്‍സെടുത്ത് ഓസീസ് സ്‌കോറിന് കരുത്തായി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങുമ്പോള്‍ കൂറ്റന്‍ സ്‌കോറാണ് മറികടക്കേണ്ടതെന്ന ആശങ്ക ഇന്ത്യന്‍ ക്യാംപില്‍ നിഴലിച്ചിരുന്നു. പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷയോടെ നിമിഷങ്ങളെണ്ണി കാത്തിരുന്നു.

ലോകോത്തര ബാറ്റിങ് നിരയായ സച്ചിന്‍, ഗാംഗുലി,ദ്രാവിഡ്, സേവാഗ് എന്നിവരില്‍ മനസ്സര്‍പ്പിച്ച് അവര്‍ ആവേശം കൊണ്ടു. വാണ്ടറേര്‍സില്‍ ഇന്ത്യ കിരീടമുയര്‍ത്തുന്ന മുഹൂര്‍ത്തത്തിനായി നിമിഷങ്ങളെണ്ണി അവര്‍ കാത്തിരുന്നു.

ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യ തകര്‍ന്നടിയുന്നതിനാണ് ആരാധകവൃന്ദം സാക്ഷിയായത്. 4 റണ്‍സെടുത്ത് സച്ചിന്‍ പുറത്തായി. 84 റണ്‍സെടുത്ത വിരേന്ദ്രര്‍ സേവാഗിനും 47 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനും മാത്രമേ ഇന്ത്യന്‍ നിരയില്‍ കാര്യമായ സംഭാവന നല്‍കാനായുള്ളൂ.

സൗരവ് ഗാംഗുലി 24 നും മടങ്ങിയപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. വാലറ്റം തീര്‍ത്തും തകര്‍ന്നടിഞ്ഞു. ഒടുവില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് 39.2 ഓവറില്‍ 234 ല്‍ അവസാനിച്ചു. പടിക്കല്‍ കലമുടയ്ക്കുന്നവരെന്ന് ഇന്ത്യന്‍ നിര പഴികളേറെക്കേട്ടു.

എന്നാല്‍ ഇന്ന് മൗണ്ട് മൗഗ്നൂയിയില്‍ തന്റെ ചുണക്കുട്ടികളെക്കൊണ്ട് ഓസ്‌ട്രേലിയയെ തറ പറ്റിച്ച് അണ്ടര്‍ 19 കിരീടത്തില്‍ മുത്തമിടീച്ച രാഹുല്‍ ദ്രാവിഡിന്റേത്
അക്ഷരാര്‍ത്ഥത്തില്‍ മധുരപ്രതികാരമായി.

തന്റെ കൗമാരപ്പടയെക്കൊണ്ട് കപ്പുയര്‍ത്തിച്ച് ദ്രാവിഡ് പകരം വീട്ടിയിരിക്കുന്നു. അന്ന് നിരാശയാല്‍ തല കുനിഞ്ഞുപോയെങ്കില്‍ ഇന്ന് രാജ്യാഭിമാനം വാനോളമുയര്‍ത്തി ആ വന്‍മതില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ക്രിക്കറ്റിലെ മാന്യതയ്ക്ക് പകരം വെയ്ക്കാനില്ലാത്ത പേരുകാരനായി.

LEAVE A REPLY

Please enter your comment!
Please enter your name here