ബംഗളൂരുവിനെ തകര്‍ത്ത് മുംബൈ

മുംബൈ : ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 46 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. മുംബൈ ഉയര്‍ത്തിയ 214 റണ്‍സിന്റെ വിജയലക്ഷ്യം പിന്‍തുടര്‍ന്ന ബംഗളൂരുവിന് 8 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

62 പന്തില്‍ 92 റണ്‍സെടുത്ത് ബംഗളൂരു ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ധീരമായി പോരാടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 213 റണ്‍സടിച്ചത്.

രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയാണ് മുംബൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 52 പന്തില്‍ അഞ്ച് സിക്‌സും പത്ത് ഫോറും പറത്തിയ രോഹിത് 94 റണ്‍സ് നേടി.

65 റണ്‍സുമായി എവിന്‍ ലെവിസും  മികച്ച പ്രകടനം പുറത്തെടുത്തു. 42 പന്തില്‍ ആറുഫോറും അഞ്ച് സിക്‌സുമടക്കമാണ് ലെവിസ് 65 റണ്‍സ് അടിച്ചത്. ആദ്യ ഓവറിലെ ആദ്യ രണ്ട് പന്തില്‍ തന്നെ രണ്ട് വിക്കറ്റെടുത്ത് ഉമേഷ് യാദവ് മുംബൈയെ ഞെട്ടിച്ചിരുന്നു.

സൂര്യകുമാര്‍ യാദവും തൊട്ടുപിന്നാലെ ക്രീസിലെത്തിയ ഇഷാന്‍ കിഷനുമാണ് അടുത്തടുത്ത പന്തില്‍ പുറത്തായത്. പക്ഷേ പിന്നീട് രോഹിത്തിന്റെയും ലൂയിസിന്റെയും വെടിക്കെട്ട് ബാറ്റിങ്ങിനാണ് മുംബൈ വാങ്കഡെ സ്റ്റേഡിയം വേദിയായത്.

ക്രുനാല്‍ പാണ്ഡ്യ 15 ഉം പൊള്ളാര്‍ഡ് 5 ഉം റണ്‍സെടുത്ത് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ 17 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ബംഗളൂരുവിന് വേണ്ടി ഉമേഷ് യാദവും കോറി ആന്‍ഡേഴ്‌സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

വിരാട് കോഹ്‌ലി മാത്രമാണ് ബംഗളൂരു നിരയില്‍ തിളങ്ങിയത്. കോഹ്‌ലി ചെറുത്തുനില്‍ക്കുമ്പോള്‍ മറ്റേയറ്റത്ത് വിക്കറ്റുകള്‍ തുടരെ വീണു. ഡീ കോക്ക് 19 ഉം മന്‍ദീപ് സിങ് 16 ഉം വോക്‌സ് 11 ഉം റണ്‍സെടുത്ത് പുറത്തായി.

മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല. മുംബൈയ്ക്കുവേണ്ടി ഹാര്‍ദിക് പാണ്ഡ്യ 3 ഉം ബുംറ,മക്‌ക്ലെനഗാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. രോഹിത് ശര്‍മയാണ് കളിയിലെ താരം.

LEAVE A REPLY

Please enter your comment!
Please enter your name here