വേഷം മാറിയെത്തിയ പെണ്‍കുട്ടികള്‍ വിവാദത്തില്‍

ടെഹ്‌റാന്‍ :മീശയും താടിയും മുഖത്ത് ഒട്ടിച്ച് വേഷം മാറി ഫുട്‌ബോള്‍ മത്സരം കാണാനെത്തിയ പെണ്‍കുട്ടികള്‍ വാര്‍ത്തകളില്‍ ഇടം നേടി. ഇറാനിലെ ടെഹ്‌റാനിലുള്ള അസദ് സ്‌റ്റേഡിയത്തിലാണ് ഒരു കൂട്ടം പെണ്‍കുട്ടികള്‍ കളി കാണാനായി വേഷം മാറിയെത്തിയത്. സ്ത്രീകള്‍ക്ക് പൊതു സ്ഥലങ്ങളില്‍ വെച്ച് മത്സരങ്ങള്‍ കാണുന്നതിന് മതപരമായ വിലക്കുള്ള രാജ്യമാണ് ഇറാന്‍. എന്നാല്‍ ഇറാനിയന്‍ ഫുട്‌ബോള്‍ ടീമായ പെര്‍സോപോളിസിന്റെ കട്ട ഫാന്‍സായ ഈ പെണ്‍കുട്ടികള്‍ക്ക്, തങ്ങളുടെ ഇഷ്ട താരങ്ങളുടെ പ്രകടനങ്ങള്‍ക്ക് മുന്നില്‍ ഈ വിലക്കുകളൊന്നും ഒരു തടസ്സമായിരുന്നില്ല.

താടിയും മുടിയും മുഖത്ത് പിടിപ്പിച്ച് സ്റ്റേഡിയത്തിനകത്ത് കയറിയ ഇവര്‍ തങ്ങളുടെ ഇഷ്ട ടീമിനായി കൂകി വിളിച്ചും അര്‍പ്പ് വിളിച്ചും അരങ്ങ് തകര്‍ത്തു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്. പെണ്‍കുട്ടികളുടെ നടപടിയെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ രംഗത്ത് വന്നത്. പ്രമുഖ ഇറാനിയന്‍ വനിതാ അവകാശ പ്രവര്‍ത്തക മെലോദ സഫാവി പെണ്‍കുട്ടികളെ അഭിനന്ദിച്ച് പരസ്യമായി രംഗത്തെത്തി.

പെണ്‍കുട്ടികള്‍ വളരെ വലിയ സാഹസമാണ് ചെയ്തതെന്നും അവരെ ആലോചിച്ച് താന്‍ അഭിമാനിക്കുന്നതായും സഫാവി പറഞ്ഞു. അതേസമയം വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ സ്‌റ്റേഡിയത്തിന് അടുത്ത് വെച്ച് പെണ്‍കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ സൗദി അറേബ്യ വനിതകള്‍ക്കുണ്ടായിരുന്ന ഇത്തരം നിയന്ത്രണങ്ങള്‍ നീക്കം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here