‘സൗദിയെ ഇളക്കിവിടുന്നത് അമേരിക്ക’

ടെഹ്‌റാന്‍ : ഇറാനെതിരെ സൗദി അറേബ്യയെ ഇളക്കിവിടുന്നത് അമേരിക്കയാണെന്ന് രൂക്ഷവിമര്‍ശനവുമായി അയത്തുള്ള അലി ഖമേനി. മിഡില്‍ ഈസ്റ്റില്‍ നടത്തിവരുന്ന ഇടപെടലില്‍ നിന്ന് അമേരിക്ക പിന്‍മാറണമെന്നും ഇറാന്റെ പരമോന്നത നേതാവായ ഖമേനി പറഞ്ഞു.

അമേരിക്ക, സൗദിയെ ഇറാനെതിരെ തിരിച്ചുവിടുകയാണ്. മേഖലയില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണ് യുഎസ് ലക്ഷ്യം. മുസ്ലിങ്ങളെ തമ്മില്‍തല്ലിക്കുകയാണ് അമേരിക്കയുടെ ഉദ്ദേശമെന്നും ടെഹ്‌റാനില്‍ ഒരു പ്രസംഗ മധ്യേ അദ്ദേഹം വ്യക്തമാക്കി.

പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അറിവുണ്ടെങ്കില്‍ അമേരിക്കയും സൗദിയും ഇറാനെ ആക്രമിക്കാന്‍ മുതിരില്ല.

അഥവാ അതിന് ശ്രമിച്ചാല്‍ അവര്‍ പരാജയപ്പെടുക തന്നെ ചെയ്യുമെന്നും ഖമേനി പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൗദി സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അയത്തുള്ള ഖമേനിയുടെ രൂക്ഷ വിമര്‍ശനം.

സൗദിയുമായി ഇറാന്‍ വിഷയം ചര്‍ച്ച ചെയ്‌തെന്ന് പോംപിയോ വ്യക്തമാക്കിയിരുന്നു. ഗള്‍ഫ് മേഖലയില്‍ ഇറാന്‍ അസ്ഥിരത സൃഷ്ടിച്ചിരിക്കുകയാണെന്നായിരുന്നു പോംപിയോയുടെ പരാമര്‍ശം.

LEAVE A REPLY

Please enter your comment!
Please enter your name here