നിപാ വവ്വാലുകളെ കണ്ടെത്തുക എളുപ്പമല്ല

കോഴിക്കോട് : വവ്വാല്‍ വഴിയാകാം കോഴിക്കോട്ട് നിപാ ബാധയുണ്ടായതെന്ന വിലയിരുത്തലിലാണ് അരോഗ്യവിദഗ്ധര്‍. മുന്‍പ് നിപാ ബാധയുണ്ടായ മലേഷ്യ, സിംഗപ്പൂര്‍, ബംഗ്ലാദേശ്, സിലിഗുരി, നാദിയ എന്നിവിടങ്ങളിലെ പഠനങ്ങളില്‍ വവ്വാലാണ് വൈറസ് വാഹകരെന്ന് കണ്ടെത്തിയിരുന്നു.

ഇതിന്റെ ചുവടുപിടിച്ചാണ് കോഴിക്കോട്ടെ നിപാ ബാധയും സമാനരീതിയിലാണെന്ന കണ്ടെത്തലിലെത്തിയത്. എന്നാല്‍ പഴം തീനി വവ്വാലുകളുടെയും ഷഡ്പദ ഭോജികളായ വവ്വാലുകളുടെയും സാമ്പിളുകള്‍ ഭോപ്പാലിലെ ലാബില്‍ അയച്ച് പരിശോധന നടത്തിയെങ്കിലും നിപാ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.

അതിനൊരു സുപ്രധാന കാരണമുണ്ടെന്ന്‌ ന്യൂയോര്‍ക് ആസ്ഥാനമായ ഇക്കോ ഹെല്‍ത്ത് അലയന്‍സ് എന്ന ഗവേഷണ സ്ഥാപനത്തിലെ ജൊനാഥന്‍ എപ്‌സ്റ്റെയ്‌നിന്റെ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. നിപാ വാഹകരായ വവ്വാലുകളുടെ എണ്ണം വളരെ ചുരുക്കമായിരിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ നിരീക്ഷണം.

ടെറോപസ് ജൈജാന്റിയസ് വിഭാഗത്തിലുള്ള പഴംതീനി വവ്വാലുകളാണ് നിപാ വാഹകര്‍. ഇവ കൂട്ടത്തോടെ ജീവിക്കുന്നതാണെങ്കിലും എല്ലാറ്റിലും നിപാ സാന്നിധ്യം ഉണ്ടാകാറില്ല.

മലേഷ്യയില്‍ 237 വവ്വാലുകളെ പരിശോധിച്ചപ്പോള്‍ 21 എണ്ണത്തില്‍ മാത്രമാണ് നിപാ സാന്നിധ്യം കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ നിന്നും പശ്ചിമബംഗാളില്‍ നിന്നും 140 വവ്വാലുകളുടെ സാമ്പിള്‍ ശേഖരിച്ചപ്പോള്‍ ഒരു വവ്വാലില്‍ മാത്രമാണ് വൈറസ് ഉണ്ടായിരുന്നത്.

കൂടാതെ വവ്വാലുകള്‍ 50 കിലോമീറ്റര്‍ വരെ സഞ്ചരിച്ചേക്കാം. അങ്ങനെ വരുമ്പോള്‍ വലിയൊരു മേഖലയില്‍ നിന്ന് കൂടുതല്‍ വവ്വാലുകളെ പിടികൂടി സാമ്പിളുകള്‍ ശേഖരിച്ചാല്‍ മാത്രമേ വൈറസ് സാന്നിധ്യം കണ്ടെത്താനാകൂവെന്ന് ഇദ്ദേഹത്തിന്റെ പഠനം വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here