’44 ദിവസമായിട്ടും ജസ്‌നയെക്കുറിച്ച് വിവരമില്ല’

കൊച്ചി : 44 ദിവസം പിന്നിട്ടിട്ടും മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്‌നയെന്ന വിദ്യാര്‍ത്ഥിയെക്കുറിച്ച് ഒരു വിവരവുമില്ല. മാര്‍ച്ച് 22 നാണ് എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജസ്‌നയെ കാണാതായത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ജസ്‌ന.

ഈ സാഹചര്യത്തില്‍ സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് സഹോദരന്‍ ജെയ്‌സ് ജോണും സഹോദരിയും പോസ്റ്റ് ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ജെയ്‌സിന്റെ വാക്കുകള്‍ ഇങ്ങനെ. 44 ദിവസമായിട്ടും ജസ്‌നയുടെ കാര്യത്തില്‍ ഒരു വിവരവുമില്ല.

അന്ന് രാവിലെ പപ്പയും താനും ജസ്‌നയും കൂടിയാണ് ഭക്ഷണമുണ്ടാക്കിയത്. മമ്മി മരിച്ചിട്ട് 8 മാസമായതേയുള്ളൂ. ഭക്ഷണം കഴിച്ച് പപ്പ ഓഫീസില്‍ പോയി. എട്ടരവരെ താന്‍ വീട്ടിലുണ്ടായിരുന്നു. ബികോം റിസള്‍ട്ട് വന്നുവെന്നും 91 ശതമാനം മാര്‍ക്കുണ്ടെന്നും ജസ്‌ന വന്നുപറഞ്ഞു.

വല്യ കാര്യമായിപ്പോയി എന്ന് താന്‍ തമാശയായി പറയുകയും അവള്‍ ചിരിക്കുകയും ചെയ്തു. പ്ലാന്‍ ചെയ്ത് പോകാനുള്ള മാനസികാവസ്ഥയൊന്നുമല്ല അവളില്‍ കണ്ടത്. പിന്നീട് 9.15 ആയപ്പോള്‍ അവള്‍ പഠിക്കുന്നത് അടുത്ത വീട്ടിലെ ചേച്ചി കണ്ടിരുന്നു. ആന്റിയുടെ വീട്ടില്‍ പോവുകയാണെന്നും പറഞ്ഞു.

തുടര്‍ന്ന് ഒരു ബസ്സില്‍ എരുമേലിയിലെത്തി. അവളുടെ ജൂനിയറായിരുന്ന ഒരു പയ്യന്‍ അവളെ ബസില്‍ കണ്ടിരുന്നു. എരുമേലിയില്‍ നിന്ന് കയറിയ ഒരു ബസ്സില്‍ ഒറ്റയ്ക്കിരുന്ന് പോകുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അതുകഴിഞ്ഞ് എന്താണ് സംഭവിച്ചതെന്ന് അറിയില്ല.

എന്തെങ്കിലും കെണിയില്‍ കുടുങ്ങിയതാകാം എന്നാണ് കരുതുന്നത്. തലേന്ന് രാത്രി പപ്പായുടെ പെങ്ങളെ വിളിച്ച് മുക്കാല്‍ മണിക്കൂറോളം സംസാരിച്ചിരുന്നു. പഠിക്കാനായി അങ്ങോട്ടുവരികയാണെന്ന് അറിയിച്ചിരുന്നു. അവള്‍ക്ക് ആരുമായെങ്കിലും റിലേഷന്‍ ഉള്ളതായി കണ്ടെത്താനായിട്ടില്ല.

ഫോണ്‍ കോളുകള്‍ പരിശോധിച്ചതിലും ഒന്നും കണ്ടെത്തിയിട്ടില്ല. ഫെയ്‌സ്ബുക്കും, മെയിലും തുറന്ന് പരിശോധിച്ചിട്ടും ഒരു സൂചനയുമില്ല. അവള്‍ക്ക് വാട്‌സ് ആപ്പ് ഇല്ല, സാധാരണ ഫോണാണ് ഉപയോഗിക്കുന്നത്. ഫോണും എടിഎം കാര്‍ഡും വിട്ടിലുണ്ട്. കയ്യിലെ ബാഗില്‍ പുസ്തകങ്ങളേയുള്ളൂ, വസ്ത്രങ്ങളെല്ലാം വീട്ടില്‍ തന്നെയുണ്ട്.

ജസ്‌നയെക്കുറിച്ചും തങ്ങളുടെ കുടുംബത്തെക്കുറിച്ചും പലരും പല അപവാദങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. സംശയങ്ങളുണ്ടെങ്കില്‍ പൊലീസില്‍ അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ വെറും അഭ്യൂഹങ്ങള്‍ പങ്കുവെച്ചിരുന്നാല്‍ അവളെ കണ്ടെത്താന്‍ സമയം കൂടുതലെടുക്കുന്ന സ്ഥിതിയാണുണ്ടാവുക.

അവള്‍ക്കൈന്തെങ്കിലും സംഭവിച്ചാല്‍ അതറിയുമ്പോള്‍ മുന്‍പ് പറഞ്ഞ പല കാര്യങ്ങളും തിരിച്ചെടുക്കാന്‍ പറ്റിയെന്ന് വരില്ല. ഞങ്ങളുടെ സ്ഥാനത്ത് നിന്ന് ചിന്തിച്ചു നോക്കണം. മമ്മി നഷ്ടപ്പെട്ടിട്ട് 8 മാസമായതേയുള്ളൂ. അതില്‍ നിന്ന് കരകയറി വരുമ്പോഴാണ് ഇങ്ങനെയൊരു സംഭവം.

തനിക്ക് പെങ്ങളെ കിട്ടണമെന്നേയുള്ളൂ എല്ലാവരും സഹായിക്കണം. സ്വന്തം പെങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരാങ്ങളയായി നില്‍ക്കുകയാണെന്നും ജെയ്‌സ് പറയുന്നു.

Pls help us..

Jais John Jamesさんの投稿 2018年5月5日(土)

LEAVE A REPLY

Please enter your comment!
Please enter your name here