ജസ്‌നയുടെ തിരോധാനത്തില്‍ നിര്‍ണ്ണായക സൂചനകള്‍

കാഞ്ഞിരപ്പള്ളി :കോളജ് വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവുകള്‍. പെണ്‍കുട്ടിയെ ബംഗലൂരുവില്‍ വെച്ച് കണ്ടെതായി ചിലര്‍ വിവരം നല്‍കി. ബംഗലൂരു മഡിവാളയിലെ ആശ്വാസ് ഭവനില്‍ പെണ്‍കുട്ടി എത്തിയതായാണ് പൊലീസിന് സൂചനകള്‍ ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞയാഴ്ച്ച ഒരു സുഹൃത്തിനൊപ്പമാണ് ജസ്‌ന ആശ്വാസ് ഭവനില്‍ എത്തിയത്. ഇതിന് ശേഷം നഗരത്തില്‍ വെച്ചുണ്ടായ ഒരു വാഹന അപകടത്തില്‍ ജെസ്‌നക്ക് പരിക്കേറ്റതായും തുടര്‍ന്ന് ബംഗലൂരുവിലെ നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സ തേടിയെന്നുമുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

പിന്നീട് ഇവര്‍ മൈസൂരിലേക്കെന്ന് പറഞ്ഞ് യാത്ര തിരിച്ചെന്നാണ് സൂചനകള്‍. മാര്‍ച്ച് 22 നാണ് എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജസ്നയെ കാണാതായത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ജസ്‌ന ആന്റിയുടെ വീട്ടില്‍ പഠിക്കാന്‍ പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്.

എന്നാല്‍ പിന്നീട് പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. എരുമേലിയിലെ ബസ് സ്റ്റാന്‍ഡ് വരെ പെണ്‍കുട്ടിയെ കണ്ടതായി ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. ജസ്‌നയെ ബംഗലൂരുവില്‍ കണ്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇത്രയും സൂചനകള്‍ ലഭിച്ചത്.

ജസ്‌നയുടെ തിരോധാനം സംഭവിച്ച് 46 ദിവസങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടിയെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള സൂചനകള്‍ ലഭിക്കുന്നത്. ഈ സൂചനകള്‍ വെച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here