3.21 കോടിയുടെ ഡോളര്‍ കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വേസ് ജീവനക്കാരി അറസ്റ്റില്‍

ന്യൂഡല്‍ഹി: അനധികൃതമായി കടത്തുകയായിരുന്ന വിദേശ കറന്‍സിയുമായി ജെറ്റ് എയര്‍വേസ് ജീവനക്കാരി അറസ്റ്റില്‍. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ആണ് 3.21 കോടി രൂപ മൂല്യമുള്ള യുഎസ് ഡോളര്‍ കടത്തിയതിന് യുവതിയെ പിടികൂടിയത്. ഹോങ്ക്‌കോങിലേക്ക് സര്‍വീസ് നടത്തുന്ന ജെറ്റ് എയര്‍വേസ് വിമാനത്തിലെ എയര്‍ ഹോസ്റ്റസ് ദേവ്ഷി കുല്‍ശ്രേഷ്തയാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി ഡല്‍ഹി അന്തരാഷ്ട്ര വിമാനത്തവളത്തില്‍ നിന്നാണ് ദേവ്ഷിയെ പിടികൂടിയത്. പേപ്പര്‍ ഫോയിലിനുള്ളില്‍ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകെട്ടുകള്‍. കഴിഞ്ഞ രണ്ടു മാസങ്ങളിലായി ദേവ്ഷി 10 ലക്ഷം ഡോളര്‍ കടത്തിയതായും പകുതി പണം കമ്മീഷനായി കൈപ്പറ്റിയിരുന്നതായും ഡി.ആര്‍.ഐ കണ്ടെത്തി. അമിത് മല്‍ഹോത്ര എന്നയാളുടെ ഏജന്റാണ് ഇവരെന്നും ഡി.ആര്‍.ഐ അറിയിച്ചു. വിദേശ കറന്‍സി കടത്തുന്നതിന് ഇയാള്‍ വിമാന ജീവനക്കാരെ സ്ഥിരമായി ഉപയോഗിച്ചു വന്നിരുന്നതായാണ് ഡിആര്‍ഐക്ക് ലഭിച്ചിരിക്കുന്ന വിവരം. ആറുമാസം മുമ്പാണ് അമിത് മല്‍ഹോത്ര ദേവ്ഷിയുമായി ബന്ധം സ്ഥാപിച്ചത്. എയര്‍ ക്രൂ അംഗങ്ങളുമായി ബന്ധംസ്ഥാപിച്ച് കടത്തുന്ന പണം ഉപയോഗിച്ച് വിദേശത്ത് നിന്ന് സ്വര്‍ണം വാങ്ങി തിരികെ ഇന്ത്യയിലേക്ക് എത്തിക്കുകയാണ് ഇയാളുടെ രീതി. ദേവ്ഷിയുടെ അറസ്റ്റിന് പിന്നാലെ അമിത് മല്‍ഹോത്രയേയും ഡിആര്‍ഐ അറസ്റ്റ് ചെയ്തു. ഇതോടെ വന്‍ തട്ടിപ്പ് ശൃംഖലയെ കുറിച്ച് ഡിആര്‍ഐക്ക് വിവരം ലഭിച്ചുവെന്നാണ് സൂചന. ഈ തട്ടിപ്പില്‍ കൂടുതല്‍ ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഡിആര്‍ഐ പരിശോധിക്കുന്നുണ്ട്.

മല്‍ഹോത്രയുടെ ഡല്‍ഹിയിലെ വസതിയില്‍ നടത്തിയ റെയ്ഡില്‍ മൂന്നു ലക്ഷം രൂപയും 1600 ഡോളറും കണ്ടെത്തി. അതേസമയം ജെറ്റ് എയര്‍വേസ് ദേവ്ഷിയുടെ അറസ്റ്റ് വാര്‍ത്ത സ്ഥിരീകരിച്ചു. ഡി.ആര്‍.ഐ സംഘം നടത്തിയ പരിശോധനയില്‍ എയര്‍വേസ് ജീവനക്കാരിയില്‍ നിന്നും വിദേശ കറന്‍സി പിടികൂടിയെന്നും ഇവര്‍ കസ്റ്റഡിയിലാണെന്നും ജെറ്റ് എയര്‍വേസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ നടിപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here