യാത്രക്കാരന്റെ ജീവന്‍ മുറുകെപ്പിടിച്ച് ജീവനക്കാരന്‍

ഡല്‍ഹി: യാത്രക്കാരന്റെ ജീവന്‍ നഷ്ടപ്പെടുത്താതെ ഒരു മണിക്കൂറിലേറെ മുറുകെപ്പിടിച്ച ജെറ്റ് എയര്‍വേസ് ജീവനക്കാരനാണ് സോഷ്യല്‍മീഡിയയിലെ താരം. കഴിഞ്ഞ ദിവസം ബംഗളൂരു ഡല്‍ഹി ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരിലൊരാള്‍ക്ക് ഇടയ്ക്ക് വെച്ച് നെഞ്ചുവേദന വന്നു.

എന്തുചെയ്യണമെന്നറിയാതെ എല്ലാവരും പരിഭ്രമിച്ചു. എന്നാല്‍ ജെറ്റ് എയര്‍വേയ്‌സ് ക്രൂവിലുണ്ടായിരുന്ന അമന്‍ദീപ് എന്ന ചെറുപ്പക്കാരന്‍ മുന്നോട്ട് വന്ന് യാത്രക്കാരന് വേണ്ട പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. വെറും താല്‍ക്കാലിക പരിചരണമായിരുന്നില്ല അത്. അമന്‍ദീപ് ശരിക്കും ആ യാത്രക്കാരനെ ഏറ്റെടുക്കുകയായിരുന്നു.

ഡല്‍ഹി വിമാനത്താവളത്തില്‍ എത്താന്‍ ഒരു മണിക്കൂര്‍ ബാക്കിയുണ്ടായിരുന്നു. ഈ സമയമത്രയും അമന്‍ദീപ് യാത്രക്കാരന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. ഓക്‌സിജന്‍ ഉള്‍പ്പെടെയുളള ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ ഒരുക്കി കൊടുത്തു.

ഒപ്പം ഇയാളുടെ വീട്ടില്‍ വിളിച്ച് രോഗത്തെപ്പറ്റിയുളള വിവരങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. ഒടുവില്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തിയതും മെഡിക്കല്‍ സംഘം ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരന്‍ അപകടനില തരണം ചെയ്‌തെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

എന്തായാലും അമന്‍ദീപിന് ആശംസകളുമായി നിരവധിപേര്‍ രംഗത്തെത്തി. ഈ വിമാനത്തിലെ യാത്രികനായിരുന്ന ജനതാദള്‍ എസ് ദേശീയ വക്താവായ തന്‍വീര്‍ അഹമ്മദ് ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here