മുംബൈ :ഒരു കാലത്ത് ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറായിരുന്നു ശ്രീദേവി. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും നിരവധി ആരാധകരെ സമ്പാദിച്ച നടിയുടെ അകാല വിയോഗം ഇന്ത്യന്‍ സിനിമാ മേഖലയ്ക്ക് ഒന്നടങ്കം ഒരു അപ്രതീക്ഷിത ആഘാതമായിരുന്നു. ശ്രീദേവിയുടെ മൂത്ത മകള്‍ ജാന്‍വിക്കും ആരാധകര്‍ ഒട്ടും കുറവല്ല. തന്റെ ആദ്യ ചിത്രമായ ‘ദഡക്’ പുറത്തിറങ്ങുന്നതിന് മുന്നേ തന്നെ എവിടെ പോയാലും ജാന്‍വിയെ കാത്ത് ആരാധകര്‍ നിലയുറപ്പിച്ചിട്ടുണ്ടാവും.
എന്നാലും മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്ഥയായി തന്നെ കാണാനെത്തുന്ന ഓരോ വ്യക്തിയോടും ചിരിച്ചും സൗഹാര്‍ദ്ദം പങ്കിട്ടും ഇടപഴകുന്ന ജാന്‍വിയുടെ രീതി സിനിമാ മേഖലകളില്‍ ഏറെ ചര്‍ച്ചാ വിഷയമാണ്. ജാന്‍വിയുടെ വിനയം നിറഞ്ഞ പെരുമാറ്റങ്ങള്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങിയിട്ടുണ്ട്. സമാനമായ സംഭവമാണ് വെള്ളിയാഴ്ച മുംബൈയിലെ ബാന്ദ്രയിലും അരങ്ങേറിയത്.
ബാന്ദ്രയിലെ ഒരു റെസ്റ്റോറന്‍ഡില്‍ നിന്നും ഇറങ്ങി വരുന്ന ജാന്‍വിയെ കാത്ത് ആരാധകരുടെ ഒരു കൂട്ടം തന്നെ കടയ്ക്ക് മുന്നില്‍ കാത്തു നിന്നിരുന്നു. പുറത്തിറങ്ങുന്ന നേരം ഇത്രയധികം പേര് തന്നെ കാത്തു നില്ക്കുന്നുണ്ടെന്ന അറിഞ്ഞ ജാന്‍വി മുഖം കറുപ്പിച്ച് ഓടി മറയാനൊന്നും നിന്നില്ല. ചേരികളില്‍ താമസിക്കുന്ന പാവപ്പെട്ട വീടുകളിലെ കുട്ടികളായിരുന്നു മുന്‍നിരയിലുണ്ടായിരുന്നത്. ഇവരില്‍ പലരും ഒരു സിനിമാ താരത്തിനെ മുന്നില്‍ കണ്ടപ്പോള്‍ ആര്‍പ്പ് വിളിയും ഡാന്‍സ് കളിയും തുടങ്ങി.
ചില കുട്ടികള്‍ ജാന്‍വിയുടെ കൈയ്യില്‍ പിടിക്കുവാനും മുഖത്ത് തൊടുവാനും ശ്രമിച്ചു. എന്നാല്‍ ഒട്ടും കോപാകുലയാകാതെ ഏവരോടും ചിരിച്ചായിരുന്നു നടി തന്നെ കാണാനെത്തിയവരോട് പെരുമാറിയത്. ഇതിനിടയിലും ആരാധകരില്‍ നിന്നും ജാന്‍വിയെ രക്ഷിക്കുവാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്മാര് നന്നേ പാടു പെടേണ്ടി വന്നു. ഒടുവില്‍ ജാന്‍വിയെ സുരക്ഷാ ഉദ്യോഗസ്ഥന്മാര് സുരക്ഷിതമായി കാറില്‍ കയറ്റി.
ആരാധകരോട് ജാന്‍വി നടത്തിയ പ്രസന്നഭാവത്തിലുള്ള പെരുമാറ്റം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കപ്പെടുന്നത്. മുമ്പൊരിക്കല്‍ ഒരു ഫാഷന്‍ വീക്കില്‍ പങ്കെടുക്കുവാന്‍ അമ്മയോടൊപ്പം എത്തിയ ജാന്‍വിയെ ഫോട്ടാഗ്രാഫര്‍ ചിത്രങ്ങള്‍ പകര്‍ത്തുവാന്‍ ക്ഷണിച്ചപ്പോള്‍ ശ്രീദേവി വഴക്കു പറഞ്ഞിരുന്നു. അന്നു ഫോട്ടോഗ്രാഫര്‍മാരോട് എളിമയോടെ സോറി പറഞ്ഞാണ് ജാന്‍വി അമ്മയോടൊപ്പം പോയത്. അന്നു മുതലെ ജാന്‍വിയുടെ വിനയം നിറഞ്ഞ പെരുമാറ്റം സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു.
വീഡിയോ കാണാം